ജയിലില്‍ തോക്കുമായി തടവുകാരുടെ ഫോട്ടോഷൂട്ട്, മദ്യസേവയ്ക്ക് സര്‍വ്വസന്നാഹം, വീഡിയോ പുറത്തായപ്പോള്‍ കളിമണ്‍ തോക്കെന്ന് യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലാ ജയിലില്‍ പിസ്റ്റളുമായി കൊലക്കേസ് പ്രതികളുടെ ഫോട്ടോഷൂട്ടും മദ്യം അടക്കം പ്രത്യേക ഭക്ഷണ സൗകര്യങ്ങളും വെളിവാക്കുന്ന വീഡിയോ പുറത്ത്. വിവാദമായതോടെ തടവുപുള്ളികളുടെ കയ്യിലുള്ളത് കളിമണ്ണു കൊണ്ടുണ്ടാക്കിയ തോക്കാണെന്ന വിശദീകരണത്തോടെയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തടിതപ്പാനുള്ള ശ്രമം. പ്രാദേശികമായി ഉണ്ടാക്കിയ 'നാടന്‍ തോക്കാ'ണ് തടവുകാരുടെ കയ്യിലുള്ളതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.
കൊലക്കേസുകളില്‍ പ്രതികളായ ഗൗരവ് പ്രതാപ് സിങ്ങും അംരിശ് രാവത്തുമാണ് തോക്കുകളേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ജൂണ്‍ 23 മുതല്‍ തടവറയ്ക്കുള്ളിലെ കൊലപ്പുള്ളികളുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. വിവാദമായതോടെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര വകുപ്പിന്റെ വിചിത്ര വിശദീകരണം ഇങ്ങനെ.
അവരുടെ കയ്യിലുള്ള തോക്ക് കളിമണ്ണു കൊണ്ടുണ്ടാക്കിയതാണ്. ശരിക്കും തോക്കാണെന്ന് തോന്നാന്‍ കാരണം ആ തടവുപുള്ളികളില്‍ ഒരാള്‍ മികച്ച ചിത്രകാരനായത് കൊണ്ടാണ്. കളിമണ്ണിലുണ്ടാക്കിയ തോക്കില്‍ കറുത്ത ചായം നല്‍കി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
തോക്കിനെ പറ്റി ഇത്രയും വിചിത്രവാദം ഉന്നയിക്കുമ്പോഴും ജയിലിനുള്ളിലെ മൊബൈല്‍ ഫോണും തടവുപുള്ളികളുടെ വേഷവുമെല്ലാം യുപി പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇവര്‍ക്ക് മദ്യമടക്കം പ്രത്യേക ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിരിന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു.
സംഭവം വിവാദമായതോടെ ജയില്‍ എഡിജിപി കര്‍ശന നടപടിയെടുക്കുമെന്ന് പ്രതികരിച്ചു. നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് എഡിജിപി വ്യക്തമാക്കിയത്. ഹെഡ് ജയില്‍ വാര്‍ഡന്‍മാരായ മാതാ പ്രസാദ്, ഹേംരാജ് എന്നിവര്‍ക്കും ജയില്‍ വാര്‍ഡര്‍ അവധേശ് സാഹുവിനും സലീം ഖാനുമെതിരെയാണ് നടപടിയുണ്ടാവുക.
ശൈത്യകാലത്തെ വസ്ത്രങ്ങളാണ് തടവുപുള്ളികള്‍ ധരിച്ചിരിക്കുന്നതെന്നും അതിനാല്‍ ഫെബ്രുവരിയിലെ വീഡിയോ ആയിരിക്കും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ജയില്‍ എഡിജിപി വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ടിപി വധക്കേസ് പ്രതി കൊടി സുനി ഫോണില്‍ ക്വട്ടേഷന്‍ നല്‍കിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. ഖത്തറിലെ സ്വര്‍ണവ്യാപാരിയേയാണ് സെന്‍ട്രല്‍ ജയിലിലുള്ള കൊടി സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.