ഈ കൊമ്പന്മാര്‍ ഇത്തവണ ഐ.പി.എല്ലിലില്ല; 2022 സീസണില്‍ ആരും വാങ്ങാതെ പോയ പ്രമുഖര്‍ ഇവരാണ്...

ഈ കൊമ്പന്മാര്‍ ഇത്തവണ ഐ.പി.എല്ലിലില്ല; 2022 സീസണില്‍ ആരും വാങ്ങാതെ പോയ പ്രമുഖര്‍ ഇവരാണ്...
Published on

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും വേണ്ടി ടീം ഫ്രാൻഞ്ചൈസികൾ കോടികൾ വീശിയപ്പോൾ മറ്റൊരു ഭാഗത്തു ആരും സ്വന്തമാക്കാനില്ലാതെ ഈ സീസണിൽ നിന്ന് പുറത്തായത് വമ്പൻ താരങ്ങളാണ്. പുതിയ ടീമുകളും പൊന്നും വിലക്ക് അവര്‍ സ്വന്തമാക്കിയ താരങ്ങളേക്കാള്‍ അൺസോൾഡ് പട്ടികയിലെ പേരുകളാണ് 2022 ഐ.പി.എൽ താരലേലത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്.

സുരേഷ് റെയ്ന

2008ൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനൊപ്പം കൂടിയ സുരേഷ് റെയ്ന എന്ന ഉത്തർ പ്രദേശുകാരൻ പയ്യൻ സ്വന്തമാക്കിയത് പകരം വെക്കാനില്ലാത്ത നേട്ടങ്ങളായിരുന്നു. ടീമിന്റെ ഫാൻസിനെയും ഉടമസ്ഥരെയും സന്തോഷിപ്പിക്കാനായി എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് വാക്കും നൽകി ഗ്രൗണ്ടിലേക്ക് നെഞ്ചും വിരിച്ച്‌ നടന്നിറങ്ങിയ 21 വയസുകാരൻ പയ്യന്റെ കഥ പിന്നീട് ഐ.പി.എല്ലിന്റെ തന്നെ ചരിത്രമായി മാറുന്നതാണ് നാം കണ്ടത്. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 176 കളികളില്‍ നിന്ന് 4687 റൺസാണ് താരം അടിച്ചു കൂട്ടിയത്. പല ഐപിഎൽ സീസണുകളിലും റെയ്ന ചെന്നൈയുടെ രക്ഷകനായി അവതരിച്ചു. ഐപിഎൽ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ(107), ആദ്യമായി 5000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്നിങ്ങനെയുള്ള റെക്കോഡുകളിലൂടെ റെയ്ന സ്വന്തമാക്കിയത് 'മിസ്റ്റർ ഐ.പി.എൽ' പട്ടമായിരുന്നു. വിരാട് കോഹ്‍ലിയും ശിഖർ ധവാനും രോഹിത് ശർമയും കഴിഞ്ഞാൽ റെയ്നയാണ് ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ. ഒരു സെഞ്ചുറിയും 39 അര്‍ദ്ദ സെഞ്ചുറികളും ഉൾപ്പടെ 5528 റൺസാണ് അദ്ദേഹം നേടിയത്.

വാതുവെപ്പ് വിവാദവുമായി ചെന്നൈ പുറത്തായ സീസണുകളിൽ മാത്രമാണ് റെയ്നയെ മഞ്ഞ കുപ്പായത്തിൽ കാണാൻ കഴിയാതിരുന്നത്. ആ സീസണുകളില്‍ ഗുജറാത്ത് ലയൺസിനായി ജേഴ്സിയണിഞ്ഞ താരം 29 കളികളില്‍ നിന്നും 841 റൺസ് നേടി. 2020ൽ സ്വകാര്യ ആവശ്യങ്ങൾ മുൻ നിർത്തി ഐ.പി.എൽ. ഉപേക്ഷിച്ച താരം, 2021ൽ ചെന്നൈ സ്‌ക്വാഡിലേക് തിരിച്ചെത്തിയെങ്കിലും ഫോം തുടരാനായില്ല. സീസണിൽ 176 റൺസ് മാത്രമായിരുന്നു സംഭാവന. മികച്ച ഫീൽഡിങും, നിർണായക നിമിഷങ്ങളിലെ മികച്ച പ്രകടനങ്ങളും ടീമിനെ വിജയിത്തിക്കെത്തിക്കാനുള്ള കഴിവുമെല്ലാം റെയ്നയെ ആരാധകരുടെ പ്രിയപ്പെട്ട 'ചിന്ന തല'യാക്കി മാറ്റി. ഇതാദ്യമായാണ് സുരേഷ് റെയ്ന ലേലത്തിൽ ആരും സ്വന്തമാക്കാനില്ലാതെ ടൂര്ണമെന്റിന് പുറത്താകുന്നത്.

കാലിടറിയ മറ്റു താരങ്ങൾ

പുതിയ ലേലത്തിൽ ആരും സ്വന്തമാക്കാനില്ലാതെ പുറത്തായവരുടെ പട്ടികയിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്സനും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഉള്‍പ്പെടുന്നു.

ഷാകിബ് അൽ ഹസ്സൻ

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു ഷാക്കീബ്. അവസാനം കളിച്ച 11 മത്സരങ്ങളില്‍ നിന്നും 56 റൺസും ആറ് വിക്കറ്റും മാത്രമാണ് താരം നേടിയത്. 2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ജേതാക്കളായപ്പോൾ ടീമിന്റെ ഭാഗമായിരുന്നു. 2011 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ജേഴ്സിയണിഞ്ഞായിരുന്നു ഐപിഎല്ലിൽ തുടക്കം കുറിച്ചത്. എട്ടു വര്ഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടർന്ന താരം 2017ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തി. ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്ക് ലഭിച്ച താരത്തിന് 2020 സീസൺ നഷ്ടമായിരുന്നു.

സ്റ്റീവ് സ്മിത്ത്

ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ഒരു ടീമും തയ്യാറായില്ല. ഐപിഎൽ മൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായി ഐപിഎല്ലിൽ തുടക്കം കുറിച്ച ഓസ്‌ട്രേലിയൻ താരം പിന്നീട് കൊച്ചി ടസ്കേഴ്സിന്‍റെയും സഹാറ പുണെ വാരിയേഴ്സിന്റെയും ഭാഗമായിരുന്നു. 2014ൽ രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയ സ്മിത്ത് ടീമിന്റെ ക്യാപ്റ്റനായി. 2017ൽ റൈസിംഗ് പുണെ ജയന്റ്സിനു വേണ്ടിയും ക്യാപ്റ്റൻ ആയി കളിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in