രാത്രി മുഴുവൻ ഉറങ്ങാതെ കഠിനവ്യായാമം, ഒടുവിൽ ശരീരഭാരം രണ്ട് കിലോയോളം കുറച്ചു, പക്ഷെ ആ 100 ഗ്രാം വിനേഷ് ഫോഗട്ടിനെ തോൽപ്പിച്ചു. വെള്ളിമെഡൽ ഉറപ്പാക്കി സ്വര്‍ണപ്രതീക്ഷയിൽ നിൽക്കെയാണ് അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് ഭാരപരിശോധനയിൽ കണ്ടെത്തുന്നത്. ഇതോടെ പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍നിന്ന് ഫോഗട്ട് അയോഗ്യയായി.
ഒളിംപിക്‌സ് ഗുസ്തി ഭാരനിയമം
ഗുസ്തിക്കാർ രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ് യുണൈറ്റഡ് വേൾഡ് റസ്ലിങ് റൂൾ ബുക്കിൽ പറയുന്നത്. പ്രാഥമിക മത്സരങ്ങൾക്ക് മുമ്പ് രാവിലേയും ഫൈനലിന് മുമ്പ് രാവിലേയുമാണിത്. ഒരേ ഭാരം നിലനിർത്തുകയും വേണം. റസ്ലിങ് റൂൾ ബുക്കിലെ അനുഛേദം 11 അനുസരിച്ച്, ആദ്യത്തേയോ രണ്ടാമത്തോയോ ഭാരപരിശോധനയിൽ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ മത്സരത്തിൽനിന്ന് പുറത്താവും. റാങ്ക് ഒന്നും തന്നെ ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്യും.
ഒളിംപിക്‌സ് ഗുസ്തി ഭാരവിഭാഗങ്ങൾ
ഗ്രീക്കോ റോമൻ, മെൻസ് ഫ്രീസ്റ്റൈൽ, വുമൺസ് ഫ്രീസ്റ്റൈൽ എന്നീ മൂന്ന് ശ്രേണികളിലായി 18 ഒളിംപിക്‌സ് ഗുസ്തി
ഭാരവിഭാഗങ്ങളാണ് ഉള്ളത്. (കിലോ ഗ്രാമിൽ)
മെൻസ് ഫ്രീസ്റ്റൈൽ- 57, 65, 74, 86, 97, 125
വുമൺസ് ഫ്രീസ്റ്റൈൽ- 50, 53, 57, 62, 6, 76
ഗ്രീക്കോ റോമൻ- 60, 67, 77, 87, 97, 130
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്‌സിലെ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത് (5-0).
ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു മത്സരം. ഫൈനലില്‍ കടന്നതോടെ വനിതാ ഗുസ്തിയില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യ ഉറപ്പിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകുമായിരുന്നു ഫോഗട്ട്.