'ഒന്ന് പിന്നോട്ട് പോയി, മുന്നോട്ട് തന്നെ വരും', കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് സൂചന നല്‍കി കൃഷിമന്ത്രി

'ഒന്ന് പിന്നോട്ട് പോയി, മുന്നോട്ട് തന്നെ വരും', കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കുമെന്ന് സൂചന നല്‍കി കൃഷിമന്ത്രി
Published on

കര്‍ഷക പ്രതിഷേധത്തിനൊടുവില്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വന്ന കാര്‍ഷിക നിയമങ്ങള്‍ ഭാവിയില്‍ നടപ്പാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. മഹാരാഷ്ട്രയിലെ കാര്‍ഷിക വ്യവസായ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുയായിരുന്നു മന്ത്രി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോയില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ പുനഃസ്ഥാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

'കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷത്തിനിടയ്ക്ക് പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഏറ്റവും വലിയ പുനരുദ്ധാനങ്ങളിലൊന്നായിരുന്നു അത്. പക്ഷെ സര്‍ക്കാര്‍ നിരശപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഒരടി പിന്നോട്ട് മാറി. പക്ഷെ വൈകാതെ മുന്നോട്ടേക്ക് തന്നെ വരും. കാരണം കര്‍ഷകരാണ് ഞങ്ങളുടെ നട്ടെല്ല്,' തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് കൊടുക്കാന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും പ്രതിഷേധിച്ച കര്‍ഷകര്‍ അതിന്തയ്യാറായില്ല. കോര്‍പറേറ്റുകളുടെ ദയാവായ്പിന് തങ്ങളെ വിട്ടുകൊടുക്കുമെന്നാണ് കര്‍ഷകര്‍ പറഞ്ഞതെന്നും തോമര്‍ മുമ്പ് പറഞ്ഞിരുന്നു.

നവംബര്‍ 19നാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ നീക്കമെന്ന് ആക്ഷേപമുണ്ട്.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഒരു വര്‍ഷത്തോളമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തുകൊണ്ടിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in