മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍. ശിവസേന പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പൊലീസ് നാരായണ്‍ റാണെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത താക്കറെയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പരാമര്‍ശം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാരായണ്‍ റാണെ നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
മഹാരാഷ്ട്ര രത്‌നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കേന്ദ്രമന്ത്രിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തുടര്‍നടപടികള്‍ കോടതി നിര്‍ദേശത്തിന് അനുസരിച്ചായിരിക്കുമെന്ന് നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. 20 വര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് റാണെ.
തിങ്കളാഴ് രായ്ഗഡ് ജില്ലയില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്കിടെയായിരുന്നു റാണെ വിവാദ പരാമര്‍ശം നടത്തിയത്. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നു മുഖ്യമന്ത്രിക്കറിയാത്തതു ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്കു നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ', എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
റാണെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ സംസ്ഥാനമെമ്പാടും പ്രകടനം നടത്തിയിരുന്നു. റാണെയുടെ വസതിയിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.