കേന്ദ്ര ബജറ്റ് 2024; തൃശൂരിൽ അക്കൗണ്ട് തുറന്നിട്ടും കേരളത്തിന് അവഗണന മാത്രം

കേന്ദ്ര ബജറ്റ് 2024; തൃശൂരിൽ അക്കൗണ്ട് തുറന്നിട്ടും കേരളത്തിന് അവഗണന മാത്രം
Published on

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് 2024 ൽ കേരളത്തിന് കാര്യമായി ഒന്നുമില്ല. ഇത്തവണത്തെ ബജറ്റിലെ പ്രധാന പ്രതീക്ഷയായിരുന്ന കേരളത്തിലേക്കുള്ള എയിംസിനെ കുറിച്ച് പരാമർശം പോലുമുണ്ടായില്ല. 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുൾപ്പടെ കേരളത്തിന്റെ വികസനത്തിനായി പ്രതീക്ഷിച്ചിരുന്ന ഒരു പ്രത്യേക പദ്ധതിയോ പാക്കേജുകളോ ബജറ്റിൽ ഉൾപ്പെട്ടില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പിരിമുറുക്കത്തിന് ആശ്വാസമേകാൻ കേന്ദ്രം കനിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബജറ്റ് പ്രസംഗത്തിലെവിടെയും കേരളത്തെ കുറിച്ച് പരാമർശിച്ചതേയില്ല. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുകയും സുരേഷ് ​ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകുകയും ചെയ്തതോടെ കേരളത്തിന് കാര്യമായി പദ്ധതികൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

ജി.എസ്‌.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക്‌ അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ റെയിൽവേ,ദേശീയ പാത വികസനങ്ങൾക്കുള്ള ധനസഹായവും ബജറ്റിൽ ഇടം പിടിച്ചില്ല.തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയായിരുന്നു ബജറ്റിൽ ഉൾപ്പെടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നത്.

അതിവേഗ ട്രെയിൻ പദ്ധതി കേരളത്തിലേക്ക് ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നെങ്കിലും അതും ബജറ്റിൽ ഇല്ല. നിരന്തരം പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനമായിട്ടും പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സാമ്പത്തിക സഹായത്തിനും കേരളത്തിനെ പരിഗണിച്ചില്ല. ആന്ധ്രാ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ പാക്കേജുകൾ ഉൾപ്പെടെ കൈനിറയെ പദ്ധതികൾ അനുവദിച്ചപ്പോഴാണ് കേരളത്തോട് ഈ അ​വ​ഗണന.

Related Stories

No stories found.
logo
The Cue
www.thecue.in