കര്‍ണാടകയില്‍ അപമാനിച്ച് ഇറക്കിവിട്ട കര്‍ഷകനോട് മാപ്പ് പറഞ്ഞ് മഹീന്ദ്ര; ബൊലേറോയും സമ്മാനിച്ചു

കര്‍ണാടകയില്‍ അപമാനിച്ച് ഇറക്കിവിട്ട കര്‍ഷകനോട് മാപ്പ് പറഞ്ഞ് മഹീന്ദ്ര; ബൊലേറോയും സമ്മാനിച്ചു
Published on

കര്‍ണാടകയില്‍ വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവത്തിന് പിന്നാലെ മഹീന്ദ്ര ബൊലേറൊ സമ്മാനിച്ച് ഷോറും. വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് ചോദിച്ചായിരുന്നു കെംപെഗൗഡയെ ഷോറൂമില്‍ വെച്ച് അപമാനിച്ചത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ്ര ഷോറൂമില്‍ നിന്ന് കെംപെഗൗഡയ്ക്ക് ബൊലേറൊ സമ്മാനമായി നല്‍കിയത്. ഷോറൂമില്‍ വെച്ച് സംഭവിച്ച കാര്യങ്ങള്‍ക്ക് മഹീന്ദ്ര കര്‍ഷകനോട് മാപ്പ് പറഞ്ഞു. ഖേദം രേഖപ്പെടുത്തി മഹീന്ദ്ര ട്വീറ്റും ചെയ്തു.

''കെംപെഗൗഡയും സുഹൃത്തുക്കളും ഷോറൂമില്‍ വെച്ച് നേരിട്ട പ്രയാസത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടുണ്ട്,'' മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ തുമക്കുരുവിലെ മഹീന്ദ്ര ഷോറൂമിലാണ് ജനുവരി 21ന് നാടകീയ സംഭവങ്ങള്‍ നടന്നത്.

ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാനാണ് കെംപെഗൗഡ കടയിലെത്തിയത്. പത്ത് രൂപ പോലും കെംപെഗൗഡയുടെ കീശയില്‍ ഉണ്ടാവാന്‍ ഇടയുണ്ടാകില്ലെന്ന് പറഞ്ഞ് സെയില്‍സ്മാന്‍ കര്‍ഷകനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

തന്റെ വസ്ത്രം കണ്ടാണ് സെയില്‍സ്മാന്‍ അപമര്യാദയായി പെരുമാറിയതെന്ന് കെംപെഗൗഡ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് സെയില്‍സ്മാനും കെംപെഗൗഡയും തമ്മില്‍ വാക്കേറ്റമുണ്ടയി. വെറും ഒരു മണിക്കൂറിനുള്ളില്‍ കെംപെഗൗഡ പണവുമായി എത്തുകയും ചെയ്തു. വാഹനം ഇപ്പോള്‍ കൈമാറാനാകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാമെന്നും ഷോറൂമില്‍ നിന്ന് പറയുകയായിരുന്നു. തുടര്‍ന്ന് തനിക്ക് ഈ ഷോറൂമില്‍ നിന്ന് വാഹനം വേണ്ടെന്ന് പറഞ്ഞാണ് കെംപെഗൗഡയും സുഹൃത്തുക്കളും പോയത്.

Related Stories

No stories found.
logo
The Cue
www.thecue.in