ചരിത്രവിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു, ഭരണകൂടത്തിനെതിരെയുളള മറുപടിയെന്ന് ഉമ തോമസ്

ചരിത്രവിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു, ഭരണകൂടത്തിനെതിരെയുളള മറുപടിയെന്ന് ഉമ തോമസ്
Published on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. ഉജ്ജ്വല വിജയം നേടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചരിത്ര വിജയമാണ്. ഈ ഭരണകൂടത്തിനെതിരെയുള്ള മറുപടിയാണ്. ജനപക്ഷത്ത് നിന്നുള്ള വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് തന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രമാത്രം അവരുടെ മനസിലുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. അവര്‍ തന്നെയും നെഞ്ചിലേറ്റിയെന്ന് ഉമ തോമസ് പറഞ്ഞു.

പി.ടി തോമസിന്റ ഓരോ പ്രവൃത്തികളുടെയും ഫലമാണ് വിജയം. തെരഞ്ഞെടുപ്പ് സൗഭാഗ്യമായി മുഖ്യമന്ത്രി കണ്ടെങ്കില്‍ തൊണ്ണൂറ്റി ഒന്‍പതില്‍ അത് നിര്‍ത്താന്‍ ശ്രമിക്കുമെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. ഉമ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു. മണ്ഡലചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലീഡാണ് ഉമ തോമസിന്റേത്.

Related Stories

No stories found.
logo
The Cue
www.thecue.in