'നാട് നന്നാവാന്‍ രാജാവ് നന്നാവണം, കള്ളത്തരങ്ങള്‍ ചെയ്യുന്ന നൃപന്‍ നമുക്ക് വേണ്ട'; മുഖ്യമന്ത്രിക്കെതിരെ ഉമ തോമസ്

'നാട് നന്നാവാന്‍ രാജാവ് നന്നാവണം, കള്ളത്തരങ്ങള്‍ ചെയ്യുന്ന നൃപന്‍ നമുക്ക് വേണ്ട'; മുഖ്യമന്ത്രിക്കെതിരെ ഉമ തോമസ്
Published on

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയുക്ത എം.എല്‍.എ ഉമ തോമസ്. നാട് നന്നാവാന്‍ രാജാവ് ആദ്യം നന്നാവണമെന്നും രാജാവ് നഗ്നനാണെന്ന് പറയാന്‍ മടിക്കുന്ന കാലമാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടിനായിരുന്നു പ്രതികരണം.

ഇതുപോലെ കള്ളത്തരങ്ങള്‍ ചെയ്യുന്ന ഒരു നൃപന്‍ നമുക്ക് വേണ്ട. ഇതിന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇറക്കാനായിട്ട് ശ്രമിച്ചു. ഇത് അതിനുള്ള കാവ്യ നീതി തന്നെയാണെന്നും ഉമ തോമസ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് എറണാകുളം കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു സ്വപ്നയുടെ ആരോപണം.

ഉമ തോമസിന്റെ പ്രതികരണം

നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം. രാജാവ് നഗ്നനാണെന്ന് പറയാന്‍ കൂട്ടത്തിലുള്ളവര്‍ പോലും മടിക്കുന്ന കാലമാണ്. ഇത്തരത്തിലൊരു നീക്കമുണ്ടായാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് ഒത്തൊരുമിച്ച് നില്‍ക്കും. ഇതില്‍ ജനങ്ങളും കൂടെ ഉണ്ടാകും. നാട് നന്നാവേണ്ടത് നമ്മുടെ ആവശ്യമാണ്. രാജാവ് നന്നായാലേ നാട് നന്നാവുള്ളു.

ഇതുപോലെ കള്ളത്തരങ്ങള്‍ ചെയ്യുന്ന ഒരു നൃപന്‍ നമുക്ക് വേണ്ട. ഇതിന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇറക്കാനായിട്ട് ശ്രമിച്ചതിനെതിരായ കാവ്യ നീതി തന്നെയാണിത്. ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കും. നാളെകളില്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരുവിലേക്കിറക്കിയിടും. ജയിലില്‍ പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍ എന്നതില്‍ സംശയമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in