യുക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതത്വത്തില്‍ ; ഇന്ത്യയില്‍ തുടര്‍ പഠനം നടത്താനാവില്ലെന്ന് കേന്ദ്രം

യുക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതത്വത്തില്‍ ; ഇന്ത്യയില്‍ തുടര്‍ പഠനം നടത്താനാവില്ലെന്ന് കേന്ദ്രം
Published on

യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം അനുവദിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രം തടഞ്ഞു. പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ ദെന്തല്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നടപടിയോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്തിലായിരിക്കുകയാണ്.

പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തിയ 412 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുവാനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ പ്രവേശനം നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓരേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കില്ല. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ പറയുന്നു.

കേരളത്തിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യുദ്ധത്തെത്തുടര്‍ന്ന 3379 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പാരന്റ്‌സ് അസോസിയേഷന്റെ (എ.കെ.യു.എം.എസ്.പി.എ.) കണക്ക്. ഇന്ത്യയിലുടനീളം 22,000 വിദ്യാര്‍ഥികളുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍മുതല്‍ കോഴ്‌സ് തീരാന്‍ മൂന്നുമാസംമാത്രം ബാക്കിയുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ തുടര്‍ പഠനത്തിനായി ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന് വിദ്യാര്‍ഥികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിദേശ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷനോട് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ കോളേജുകളില്‍ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന കാര്യത്തിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം നല്‍കിയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in