കാബുള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടു പോയി. ഇക്കാര്യം യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി യെവ്‌ജെനി യെനിന്‍ ആണ് സ്ഥിരീകരിച്ചത്.
വിമാനം തട്ടിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരാണ് വിമാനം തട്ടിയെടുത്തത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ആളുകള്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിക്കാത്തത് മൂലം തങ്ങളുടെ അടുത്ത മൂന്ന് രക്ഷാദൗത്യങ്ങളും വിജയകരമാവില്ലെന്നും യെവ്‌ജെനി യെനിന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലുള്ള യുക്രേനിയന്‍ പൗരന്മാര്‍ വിമാനത്താവളത്തില്‍ എത്താത്തതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ അനധികൃതമയി വിമാനം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും പറയുന്നു.
അതേസമയം ഇറാനിയന്‍ ഏവിയേഷന്‍ അതോരിറ്റി ഈ റിപ്പോര്‍ട്ട് തള്ളി. മഷ്ഹദില്‍ വെച്ച് എണ്ണ നിറച്ച വാഹനം കീവിലക്ക് പറന്നിട്ടുണ്ടെന്നാണ് ഇറാന്‍ അറിയിച്ചത്.
അത്തരമൊരു യുക്രേനിയന്‍ വിമാനം കാബൂളിലോ മറ്റു പ്രദേശങ്ങളിലോ കണ്ടെത്തിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് യുക്രേനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഒലേഗ് നിക്കോളെങ്കോ പറഞ്ഞതായി യുക്രൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
100ഓളം വരുന്ന യുക്രൈന്‍ പൗരന്മാര്‍ ഇപ്പോഴും അഫ്ഗാനില്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം 31 ഉക്രൈന്‍ പൗരന്മാരടക്കം 83 പേരെ തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു.