വടകര നിയമസഭ സീറ്റില്‍ ആര്‍എംപിയെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നീക്കം. കോണ്‍ഗ്രസാണ് ആര്‍എംപിക്ക് സീറ്റ് നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. കെ കെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പര്യം. എന്നാല്‍ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എംപി ആലോചിക്കുന്നത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എന്‍ വേണുവിനെ മത്സരിപ്പിക്കാനാണ് നീക്കം. ആര്‍എംപി വടകരയില്‍ മത്സരിക്കുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി നിയമസഭ മണ്ഡലത്തില്‍ നിന്നായിരിക്കും ജനവിധി തേടുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വടകര എംപി കെ മുരളീധരനും ആര്‍എംപിയെ മത്സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് പി ജയരാജനെ വടകരയില്‍ തോല്‍പ്പിക്കാന്‍ സഹായിച്ചുവെന്നതാണ് കെ മുരളീധരന്റെ താല്‍പര്യത്തിന് പിന്നിലുള്ളത്.
ബിജെപിയെ എതിര്‍ക്കാര്‍ ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നതാണ് സമാന്തര ലെഫ്റ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാനാവുകയെന്നാണ് ആര്‍എംപിയുടെ വാദം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ആര്‍എംപി വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും ബിജെപി വളരാതിരിക്കാന്‍ താല്‍ക്കാലിക പിന്തുണ നല്‍കുകയാണെന്നാണ് വാദം. പ്രത്യയശാസ്ത്രപരമായ യോജിപ്പ് കോണ്‍ഗ്രസിനോടില്ല. താല്‍ക്കാലിക അടവ് നയം മാത്രമാണെന്നും ആര്‍എംപി നേതാക്കള്‍ പറയുന്നു.
വടകര സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടാന്‍ ആര്‍എംപി തീരുമാനിച്ചിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്ത് വന്നതിന് ശേഷമുള്ള നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകല്‍ യുഡിഎഫിനെ സഹായിക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വാദം ആര്‍എംപിക്കുള്ളില്‍ ശക്തമാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആര്‍എംപിയെയും തിരിച്ചും സഹായിക്കാറുണ്ട്. നേരിയ ഭൂരിപക്ഷം മാത്രം ഉണ്ടായിട്ടും ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് സഹായിക്കുകയായിരുന്നു.
2011ല്‍ എന്‍ വേണു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 10098 വോട്ടുകള്‍ മാത്രമാണ് നേടിയത്. 2016ല്‍ കെകെ രമ മത്സരിച്ചപ്പോള്‍ 20504 വോട്ടുകളാണ് നേടിയത്. രാഷ്ട്രീയ വോട്ടുകള്‍ കൂടുതലുണ്ടെങ്കിലും അത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനതാദള്‍ യുവിലെ മനയത്ത് ചന്ദ്രന് വോട്ട് നല്‍കിയെന്നാണ് പറയുന്നത്. ജനതാദളിലെ ഗ്രൂപ്പ് പോരാണ് എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്.
യുഡിഎഫിന്റെ പിന്തുണയോടെ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വരുമെന്നതാണ് ആര്‍എംപിയിലെ ഒരുവിഭാഗം വാദിക്കുന്നത്. സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകര ലോക്സഭ സീറ്റില്‍ 2009 മുതല്‍ യുഡിഎഫാണ് വിജയിക്കുന്നത്. എന്നാല്‍ നിയമസഭ സീറ്റ് പിടിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ആര്‍എംപി പിന്തുണ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.