യുഎപിഎ കേസില്‍ അലനും താഹയ്ക്കും വൈകിയെങ്കിലും നീതി ലഭിച്ചുവെന്ന് താഹയുടെ ഉമ്മ ജമീല ദ ക്യുവിനോട്. മക്കള്‍ തെറ്റ് ചെയ്യാത്തതിനാല്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായിരുന്നു. കുറ്റവിമുക്തരാവുമെന്നാണ് പ്രതീക്ഷയെന്നും ജമീല ദ ക്യുവിനോട് പ്രതികരിച്ചു.
നേരം വൈകിയെങ്കിലും നീതി കിട്ടി. കുറ്റവിമുക്തരാകുമെന്നാണ് മനസ് പറയുന്നത്. മക്കള്‍ പത്ത് മാസമായി ജയിലില്‍ കിടക്കുകയാണ്.
ജമീല
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൊച്ചി എന്‍ഐഎ കോടിതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ അലന്റെയും താഹയയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്ത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു.
2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുത്തു. ഏപ്രില്‍ 27ന് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.