'അറിവുനേടുന്ന പുതുതലമുറയാണ് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും കുറ്റവാളികള്‍'; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ.കെ.രമ

'അറിവുനേടുന്ന പുതുതലമുറയാണ് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും കുറ്റവാളികള്‍'; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ.കെ.രമ
Published on

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.കെ.രമ എം.എല്‍എ. ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും കോടതി വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ലെന്നും, രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് സ്വാഭാവിക നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ.കെ.രമ പറയുന്നു.

കേസിന്റെ പ്രാരംഭഘട്ടം മുതല്‍ സി.പി.എം, വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുകയായിരുന്നുവെന്നും രമ ആരോപിക്കുന്നുണ്ട്. കള്ളക്കടത്തുകള്‍ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികള്‍. പന്തീരാങ്കാവിലെ യുവാക്കളെ രണ്ടു വര്‍ഷമായി സമൂഹത്തില്‍ കൊടും കുറ്റവാളികളാക്കി നിര്‍ത്തിയ ആഭ്യന്തര വകുപ്പ് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒടുവില്‍ താഹയ്ക്ക് ജാമ്യം. മാവോയിസ്റ്റ് എന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ദിര്‍ദ്ദയനിയമം ചേര്‍ത്ത് എന്‍.ഐ.എയ്ക്ക് കൈമാറിയ താഹ ഫസലിനും ഒടുവില്‍ ജാമ്യം ലഭിച്ചിരിക്കുന്നു. നേരത്തെ അലന് ലഭിച്ച ജാമ്യം ശരിവെക്കുകയും ചെയ്തിരിക്കുകയാണ് സുപ്രീം കോടതി.

ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ല. രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് ഇനി ഈ കേസില്‍ സ്വാഭാവിക നീതി കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഈ കേസിന്റെ പ്രാരംഭഘട്ടം മുതല്‍ ഈ വിദ്യാര്‍ത്ഥികളെ മാവോയിസ്‌ററുകളെന്ന മുദ്രകുത്തുകയായിരുന്നു CPIM.

കള്ളക്കടത്തുകള്‍ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികള്‍. പന്തീരാങ്കാവിലെ യുവാക്കളെ രണ്ടു വര്‍ഷമായി സമൂഹത്തില്‍ കൊടും കുറ്റവാളികളാക്കി നിര്‍ത്തിയ ആഭ്യന്തര വകുപ്പ് മാപ്പ് പറയണം.

അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുന്‍പു തന്നെ മുഖ്യമന്ത്രി അലനെയും താഹയെയും കുറ്റവാളികളാക്കിയിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്ന പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണ്.

രണ്ടു വര്‍ഷമായിട്ടും ലഘുലേഖ കൈവശം വച്ചുവെന്ന ബാലിശമായ വാദം മാത്രമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടുള്ളു. അതിനപ്പുറം ഇവര്‍ രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അതു തന്നെയാണ് സുപ്രീം കോടതിയുടെ ജാമ്യത്തിനും കാരണം. യാതൊരു തെളിവോ മാവോയിസ്റ്റ് പ്രവര്‍ത്തന മോ കണ്ടെത്താതെ രണ്ട് ചെറുപ്പക്കാരെ സമൂഹത്തിനു മുന്നില്‍ കൊടും കുറ്റവാളികളാക്കി മുദ്രകുത്തി കേന്ദ്ര ഏജന്‍സിക്ക് കൈമാറിയ കേരള സര്‍ക്കാര്‍ ഇരുവരുടെയും കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറഞ്ഞേ മതിയാവു.

സി.പി.എം അരുംകൊല ചെയ്ത നിരവധി യുവാക്കളുടെ കുടുംബങ്ങള്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് അത്തരം ആവശ്യങ്ങളെ കോടതിയില്‍ എതിര്‍ക്കുന്നവരാണ് വെറും ലഘുലേഖകള്‍ കൈവശം വച്ചുവെന്ന ആരോപണവുമായി രണ്ടു ചെറുപ്പക്കാരെ പിടികൂടി കേന്ദ്ര എജന്‍സിക്ക് കൈമാറിയതെന്നതാണ് വലിയ വിരോധാഭാസം. ഈ ഇരട്ടത്താപ്പിനേറ്റ തിരിച്ചടി കൂടിയാണ് ഈ കോടതി വിധി.

Related Stories

No stories found.
logo
The Cue
www.thecue.in