'യുഎഎഫ്എക്‌സും ഉടമ അബ്ദുള്‍ ലത്തീഫുമായുള്ള ബന്ധമെന്ത് '; ബിനീഷ് ഇ.ഡിക്ക് മുന്‍പില്‍ വ്യക്തത വരുത്തേണ്ടത്

'യുഎഎഫ്എക്‌സും ഉടമ അബ്ദുള്‍ ലത്തീഫുമായുള്ള ബന്ധമെന്ത് '; ബിനീഷ് ഇ.ഡിക്ക് മുന്‍പില്‍ വ്യക്തത വരുത്തേണ്ടത്
Published on

'യുഎഎഫ്എക്‌സ് കമ്പനിയും അതിന്റെ ഉടമയെന്ന് പറയപ്പെടുന്ന അബ്ദുള്‍ ലത്തീഫുമായുള്ള ബന്ധമെന്നതാണെന്നതാണ് ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ വ്യക്തത വരുത്തേണ്ട പ്രധാന ചോദ്യം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയെക്കുറിച്ച് വെളിപ്പെടുന്നത്. ഈ കമ്പനി തനിക്ക്‌ കമ്മീഷനായി നല്‍കിയ തുകയാണ് ലോക്കറിലേതെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. തിരുവനന്തപുരം മണക്കാട്ടുള്ള യുഎഇ കോണ്‍സുലേറ്റിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യുഎഎഫ്എക്‌സ്. 2018 ല്‍ ആരംഭിച്ച സ്ഥാപനം കോണ്‍സുലേറ്റിന് അടുത്തുതന്നെയാണ്.

വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി കോണ്‍സുലേറ്റ് അംഗീകരിച്ച സ്ഥാപനമാണിത്. ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കാന്‍ ശുപാര്‍ശ ചെയ്തത് താനാണെന്നും അതുപ്രകാരമാണ് പ്രവര്‍ത്തനാനുമതി ലഭിച്ചതെന്നും അതിനുള്ള കമ്മീഷനായി ലഭിച്ച തുകയാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നുമാണ് സ്വപ്‌നയുടെ മൊഴി. എന്നാല്‍ കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫുമായുള്ള ബന്ധമാണ് ബിനീഷിനെതിരായ ആരോപണത്തിന് ആധാരം. അബ്ദുള്‍ ലത്തീഫും ബിനീഷും ചേര്‍ന്ന് കേശവദാസപുരത്ത് ഒരു സ്ഥാപനം നടത്തുന്നതായി ആരോപണമുണ്ട്. കൂടാതെ അബ്ദുള്‍ ലത്തീഫിന്റെ സഹോദരന്റെ വാഹനമാണ് ബിനീഷ് കോടിയേരി ഏറെ നാളായി തിരുവനന്തപുരത്ത് ഉപയോഗിക്കുന്നതെന്നും വിവരമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷിന്റെ ബിനാമിയാണ് അബ്ദുള്‍ ലത്തീഫെന്നാണ് യൂത്ത് ലീഗ് ആരോപണം. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. യുഎഎഫ്എക്‌സുമായി ബിനീഷിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഡയറക്ടര്‍മാരില്‍ ഒരാളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസുമായി ബിനീഷ് കോടിയേരിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ അതിനായി ഈ കമ്പനികളെ മറയാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുസംബന്ധിച്ചാണ് ബിനീഷ് അന്വേഷണസംഘം മുന്‍പാകെ വ്യക്തത വരുത്തേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in