യു.എ ഖാദറിന് വിട, തൃക്കോട്ടൂരിന്റെ പെരുമക്കൊപ്പം നടത്തിയ എഴുത്തുകാരന്‍

യു.എ ഖാദറിന് വിട, തൃക്കോട്ടൂരിന്റെ പെരുമക്കൊപ്പം നടത്തിയ എഴുത്തുകാരന്‍
Published on

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ബര്‍മ്മ(മ്യാന്‍മര്‍) സ്വദേശി മാമൈദിയുടെയും മലയാളിയായ മൊയ്തീന്‍ കുട്ടിഹാജിയുടെയും മകനായി ജനനം. 1935ല്‍ ബര്‍മ്മയിലെ ബില്ലിനാണ് ജനിച്ചത്. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് കേരളത്തിലേക്കെത്തി.

കഥകള്‍, നോവലുകള്‍, യാത്രാവിവരണം ഉള്‍പ്പെടെ നൂറിനടുത്ത് രചനകള്‍. തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, വായേ പാതാളം പ്രധാന കൃതികള്‍. ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി രചനകളെടുത്താല്‍ അതില്‍ ആദ്യം താന്‍ ചേര്‍ക്കുന്നത് യു.എ ഖാദറിന്റെ പന്തലായനിയിലേക്കൊരു യാത്ര ആയിരിക്കുമെന്ന് ടി.പദ്മനാഭന്‍ പറഞ്ഞിട്ടുണ്ട്.

ടി.പദ്മനാഭന്‍ യു.എ ഖാദറിനെക്കുറിച്ച് പറഞ്ഞത്

ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ ഒരു സാങ്കല്‍പ്പിക ലോകത്തെക്കുറിച്ചായിരുന്നില്ല പറഞ്ഞത്. അതിലെ ദേശനാമം, കഥാപാത്രങ്ങളുടെ നാമം, സംഭവങ്ങള്‍ എല്ലാം ശരിക്കുമുള്ളതാണ്. ലോകസാഹിത്യത്തില്‍ സാങ്കല്‍പ്പികഗ്രാമത്തെ സൃഷ്ടിച്ച് അവിടെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് പ്രസിദ്ധിയാര്‍ജിച്ച എത്രയോ എഴുത്തുകാരുണ്ട്. ഇന്ത്യയില്‍ ആര്‍.കെ നാരായണ്‍. ഇന്ത്യക്ക് വെളിയില്‍ ഗാര്‍ഷ്യ മാര്‍ക്കേസ്. ഇവരില്‍ നിന്ന് വിഭിന്നനാണ് യു.എ ഖാദര്‍.

കഴിവിലാണ് എന്നല്ല ഞാന്‍ പറയുന്നത്. അങ്ങനെ പറയുകയുമില്ല. തൃക്കോട്ടൂര്‍കാരന് കഴിവില്ല, ലാറ്റിനമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ കഴിവുണ്ടാകു എന്ന് വിശ്വസിക്കുന്നവനല്ല ഞാന്‍. കഴിവുള്ളവര്‍ എവിടെയുമുണ്ടാകും. ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിച്ചത്. ഭാവനയുടെ ഒരു മൂടുപടം അതിന്റെമേല്‍ അദ്ദേഹം ചാര്‍ത്തിക്കൊടുത്തിട്ടില്ല.

(മാതൃഭൂമി സാഹിത്യപുരസ്‌കാര സമര്‍പ്പണത്തില്‍ സംസാരിച്ചത്)

Related Stories

No stories found.
logo
The Cue
www.thecue.in