‘തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കൂ’ ; അധിക്ഷേപ പരാമര്‍ശവുമായി യു പ്രതിഭ എംഎല്‍എ
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കായംകുളം എംല്‍എ യു പ്രതിഭ. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കൂവെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള എംഎല്‍എയുടെ രോഷപ്രകടനം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മോശം പരാമര്‍ശം നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും മണ്ഡലത്തിലെ പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടി ചില പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഇത് വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍കഴുകി വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും പ്രതിഭ പലകുറി ആവര്‍ത്തിക്കുന്നു.
നിങ്ങള്‍ക്ക് ലജ്ജയാവില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എന്തിനാണ് പ്രാധാന്യം നല്‍കുന്നത്. വ്യക്തിപരമായി പറയുന്നത് യുവജന സംഘടനയുടെ അഭിപ്രായമെന്ന് വാര്‍ത്ത നല്‍കുന്നത് എന്തിനാണെന്നും യു പ്രതിഭ ചോദിക്കുന്നു. മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്ന ആളല്ല താനെന്നും പ്രതിഭ പരാമര്‍ശിക്കുന്നുണ്ട്.