വീടുകള്‍ക്ക് കേടുപാടുകളില്ല,ആല്‍ഫയുടെ ഒരു ഭാഗം വീണത് കായലില്‍, ശേഷിപ്പായി കോണ്‍ക്രീറ്റ് കൂന
മരടില്‍ സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട 4 ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം വിജയകരമായി പൊളിച്ചുനീക്കി. കൃത്യമായ ആസൂത്രണത്തിനും ഏറെ നാള്‍ നീണ്ട പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയായിരുന്നു ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിമിഷങ്ങള്‍ കൊണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിലംപതിച്ചു. കെട്ടിടങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷം നാലു നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചത്. 11.15നാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഇംപ്ലോഷനിലൂടെ നിലംപതിച്ചത്. 11.40ന് ആര്‍ഫ സെറീനിലെ ആദ്യ കെട്ടിടവും അല്‍പ സമയത്തിനകം രണ്ടാമത്തെ ടവറും നിലംപൊത്തി. ആല്‍ഫയുടെ രണ്ട് ടവറുകളും ചെരിച്ചാണ് വീഴ്ത്തിയത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പൊടിപടലങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശമിച്ചു.
കായലിലേക്ക് കാര്യമായ തോതില്‍ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നാണ് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കുണ്ടന്നൂര്‍ തേവര പാലത്തില്‍ യാതൊരു തരത്തിലുള്ള കേടുപാടും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്നും അധികൃതര്‍ അറിയിച്ചു. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.