9/11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ പുതിയ വാദവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒസാമ ബിന്‍ ലാദനേക്കാല്‍ വലിയ ഭീകരവാദികളെ തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം 'കൈകാര്യം' ചെയ്തിട്ടുണ്ടെന്നായിരുന്നു ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത്. മുവ്വായിരത്തോളം അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ നിസാരവല്‍ക്കരിച്ചുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ പ്രതികരണം.
കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ പ്രതികരണം പുറത്തുവന്നത്.
2019ലെ റെയ്ഡില്‍ തീവ്രവാദി സംഘത്തിന്റെ നേതാവ് അബു അല്‍ ബാഗ്ദാദിയെ പിടികൂടാന്‍ സാധിച്ചു, 2020ല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ മിലിറ്ററി ലീഡര്‍ ഖാസിം സുലൈമാനിയെ വധിക്കുകയും ചെയ്തു. ഇവരെല്ലാം ബിന്‍ ലാദനേക്കാല്‍ വലിയ ഭീകരവാദികളാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
'ഒസാമ ബിന്‍ ലാദന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരാക്രമണമാണ് നടത്തിയത്. അത് ഒരു മോശം ആക്രമണമായിരുന്നു. പക്ഷെ ഈ രണ്ടു പേര്‍ രാക്ഷസന്മാരായിരുന്നു', ട്രംപ് അവകാശപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ ഭീകരവാദികളില്‍ ഒരാളായി തീവ്രവാദ വിരുദ്ധ വിദഗ്ധര്‍ കണക്കാക്കുന്നയാളാണ് ബിന്‍ ലാദന്‍ എന്നിരിക്കെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ വരെ നിസാരവല്‍ക്കരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്.