ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി, കുംഭകോണമെന്ന് കോടിയേരി

ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി, കുംഭകോണമെന്ന് കോടിയേരി
Published on

തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം അദാനിക്ക് അമ്പത് വര്‍ഷത്തേക്ക് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്‍ കുംഭകോണമാണമെന്ന് സിപിഐഎം. അത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ജനകീയ ബദലുകള്‍ക്കെതിരെ കോര്‍പ്പറേറ്റിസം അടിച്ചേല്‍പ്പിക്കുമെന്ന കേന്ദ്ര നിലപാടാണ് ഇവിടെ വെളിപ്പെടുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനുവേണ്ടി ലേലമാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ഈ നാട് മനസിലാക്കിയതാണ്. അതിനൊക്കെ പിറകില്‍ വലിയ സാമ്പത്തിക ഇടപെടലുകളാണുള്ളതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന നിയമസഭ ഏകകണ്ഠമായി സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തിട്ടും മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധി പേര്‍ സ്വകാര്യവല്‍ക്കരണം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാനമന്ത്രിയെയും നേരിട്ട് കണ്ടിട്ടും കേരളത്തിന്റെ വികാരം മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കോടതിയില്‍ ഇത് സംബന്ധിച്ചുള്ള കേസ് നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്നതെന്നും കോടിയേരി

കോടിയേരി പറഞ്ഞത്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയെ മാനിക്കാതെ ലേലനടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് സംസ്ഥാനം മത്സരാധിഷ്ഠിത ലേലത്തില്‍ വരെ പങ്കെടുത്തു. പക്ഷെ, കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്പനിക്ക് ബിഡ് ലഭിച്ചില്ല.

ഒരു യാത്രക്കാരന് 168 രൂപ എന്ന നിലയിലാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തതെങ്കില്‍ കെഎസ്ഐഡിസിയുടെ നേതൃത്വത്തിലുള്ള കമ്പനി 135 രൂപയാണ് ക്വാട്ട് ചെയ്ത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ശശി തരൂരിനെ പോലുള്ളവര്‍ സ്വകാര്യവല്‍ക്കരണത്തെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഉണ്ടാക്കാതെ, ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടിയാവരുത് ഇത്തരം വിഷയങ്ങളിലെ നിലപാടുകള്‍. കോണ്‍ഗ്രസ് തുടങ്ങിവെച്ച സ്വകാര്യവല്‍ക്കരണ പ്രക്രിയയാണ് ബി ജെ പി ശക്തമായി ഇപ്പോള്‍ തുടരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി, കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ബാധ്യത ഇടതുപക്ഷം നിര്‍വഹിക്കുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in