തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. കരാറുകാരനെതിരെയും കേസെടുത്തു.
സംഭവത്തില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനിയറോട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണു എന്ന യുവാവ് മരിച്ചത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് വിഷ്ണുവിന്റെ അച്ഛന്‍ മാധവന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.