'രണ്ട് രൂപ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേട്', ബസ് ചാര്‍ജ് നിരക്ക് കൂട്ടുമെന്ന് ആന്റണി രാജു

'രണ്ട് രൂപ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേട്', ബസ് ചാര്‍ജ് നിരക്ക് കൂട്ടുമെന്ന് ആന്റണി രാജു
Published on

സ്വകാര്യ ബസുകളുടെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. പത്ത് വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

'ഇന്ന് രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണേക്കാടായി മാറിയിരിക്കുകയാണ്. അവര് പോലും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറഞ്ഞത്. രണ്ട് രൂപയെന്നത് 2012ല്‍ ആരംഭിച്ചതാണ്. പത്ത് വര്‍ഷമായി രണ്ട് രൂപ കൊടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാവുകയാണ്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബസുകളെയാണ്. അതില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികളുമാണ്. അങ്ങനെ വരുമ്പോള്‍ സ്വകാര്യ ബസുടമകള്‍ക്ക് വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ റേറ്റുകൊണ്ടാണെന്നാണ് അവര് പറയുന്നത്. അത് ഒരു പരിധിവരെ ന്യായവുമാണ്,' മന്ത്രി പറഞ്ഞു.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബസ് ചാര്‍ജ് വര്‍ധന ഉറപ്പായും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടിയുള്ള തീരുമാനം പ്രായോഗികമല്ലെന്നും അതിനാല്‍ എപ്പോള്‍ നടപ്പാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in