എസ്എസ്എല്‍സി ബുക്കില്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍’ ലിംഗപദവിയും ; തിരുത്താന്‍ അനുവാദം നല്‍കുന്ന സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് ഉടന്‍
എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി തിരുത്താന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മുന്‍പ് സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് തിരുത്താന്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കഴിയും.
ഹൈക്കോടതിയില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സ് സംഘടനകള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ രേഖകളിലെ ലിംഗപദവിയുടെ ചോദ്യാവലിയിലും ഇനിമുതല്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ ഉള്‍പ്പെടുത്തും. മുന്‍പ് സര്‍ക്കാര്‍ ചോദ്യാവലികളില്‍ സ്ത്രീയോ പുരുഷനോ എന്നു രേഖപ്പെടുത്താന്‍ മാത്രമായിരുന്നു അവസരമുണ്ടായിരുന്നത്. സാമൂഹികനീതിവകുപ്പ് നല്‍കുന്ന ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇനിമുതല്‍ എല്ലാ രേഖകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നുതന്നെ ലിംഗപദവി രേഖപ്പെടുത്താനാകും.
എസ്എസ്എല്‍സി ബുക്കിലെ ലിംഗ പദവി രേഖപ്പെടുത്തലുകളില്‍ മാറ്റം വരുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഭേദഗതി ആവശ്യമുണ്ട്. ഇതിനുള്ള നടപടി ഉടനുണ്ടാവും. അത് പൂര്‍ത്തിയായാല്‍ ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ലിംഗപദവി മാറ്റി ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തിരുത്താനാവും.