‘24 ലക്ഷം പേരിലേക്ക് ഒരു പരസ്യമയക്കണമെങ്കില്‍ എളുപ്പം നടക്കും’; ജിഎന്‍പിസിയ്‌ക്കെതിരെ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍

‘24 ലക്ഷം പേരിലേക്ക് ഒരു പരസ്യമയക്കണമെങ്കില്‍ എളുപ്പം നടക്കും’; ജിഎന്‍പിസിയ്‌ക്കെതിരെ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍

Published on

ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ ‘ജിഎന്‍പിസി’യുടെ(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഗ്രൂപ്പിന്റെ പേര് തന്നെ ഉദ്ദേശം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അമൃത ടിവിയിലെ ‘ജനനായകന്‍’ എന്ന പരിപാടിയിലായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.

24 ലക്ഷം പേരുള്ള ഗ്രൂപ്പിന്റെ അഡ്മിനാണെങ്കില്‍, ആ 24 ലക്ഷം പേരിലേക്ക് ഒരു പരസ്യമയക്കണമെങ്കില്‍ വളരെ എളുപ്പം നടക്കും. നിങ്ങള്‍ ചെയ്യുന്നുണ്ടോ എന്നറിയില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ആകര്‍ഷകമാക്കകുന്നത് മോശം കാര്യങ്ങള്‍ക്കാണ്. നല്ല കാര്യങ്ങള്‍ക്കാളെ കിട്ടണമെന്നില്ല. നല്ലതാണെങ്കിലും ചീത്തതാണെങ്കിലും അതിനെ പിന്തുണയ്ക്കില്ല. കേസിന്റെ സ്ഥിതി എന്താണെന്നറിയില്ല. പക്ഷേ പേര് തന്നെ ഉദ്ദേശം തെറ്റാണെന്ന് തോന്നിപ്പിക്കുന്നു.

സെന്‍കുമാര്‍

എന്നാല്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ മദ്യത്തെ സംബന്ധിച്ച പോസ്റ്റുകളൊന്നും തന്നെയില്ലെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടുന്ന ഇടമാണെന്നും ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ വിശദീകരിച്ചു.

രാഷ്ട്രീയമില്ല, മതമില്ല, ആണ്‍പെണ്‍ വ്യത്യാസമില്ല, ജാതിയില്ല അതിനകത്തുള്ള അഞ്ച് ലക്ഷം സ്ത്രീകള്‍ക്കും പേഴ്‌സണല്‍ മെസേജ് അയക്കാറില്ല. ഗ്രൂപ്പില്‍ ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് പോസ്റ്റുകള്‍ ഉള്ളത്. 24 ലക്ഷം അംഗങ്ങളാണ്, ആരെങ്കിലും സഹായം അഭ്യര്‍ഥിച്ചാല്‍ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നുണ്ട്.

അജിത് കുമാര്‍

ഫേസ്ബുക്കിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഭക്ഷണം, യാത്ര തുടങ്ങിയവയുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ഗ്രൂപ്പില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ഇടവും അടുത്തിടത്ത് രൂപീകരിച്ചിരുന്നു.

logo
The Cue
www.thecue.in