വിജയന്റെ ഉറക്കം കെടുത്തിയ 'കുലംകുത്തി' ആക്കപ്പെട്ട ചന്ദ്രശേഖരന്‍, കുഞ്ഞനന്തന്‍ സ്വാതന്ത്ര്യ സമര സേനാനിയാണോ: രാഹുല്‍ മാങ്കൂട്ടത്തില്‍

വിജയന്റെ ഉറക്കം കെടുത്തിയ 'കുലംകുത്തി' ആക്കപ്പെട്ട ചന്ദ്രശേഖരന്‍, കുഞ്ഞനന്തന്‍ സ്വാതന്ത്ര്യ സമര സേനാനിയാണോ: രാഹുല്‍ മാങ്കൂട്ടത്തില്‍
Published on

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയവേ അന്തരിച്ച സിപിഐഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ ചരമവാര്‍ഷികം ആചരിച്ചതിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൊലയാളിയെ അനുസ്മരിക്കാനും സ്വീകരണം നല്‍കാനും സിപിഎം പോലൊരു പാര്‍ട്ടിക്കേ സാധിക്കൂ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിമര്‍ശിച്ചിരുന്നു. ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഷാഫി, സിജിത്ത് എന്നിവര്‍ കുഞ്ഞനന്ദന്റെ സ്തൂപത്തിന് മുന്നില്‍ അഭിവാദ്യവുമായി നില്‍ക്കുന്ന ഫോട്ടോയും വിവാദമായിട്ടുണ്ട്.

സവര്‍ക്കറിനെയും ഗോഡ്‌സെയെയും സംഘപരിവാര്‍ ആദരിക്കുന്നതിന് സമാനമെന്ന നിലക്കാണ് വി.ടി ബല്‍റാം അടക്കമുള്ള നേതാക്കള്‍ ഇതിനെ വിമര്‍ശിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

ആ മണ്ഡപം ആരുടേതാണ്.

കുഞ്ഞനന്തന്റെത്....

ആരാണ് കുഞ്ഞനന്തന്‍?

സ്വാതന്ത്ര്യ സമര സേനാനിയാണോ?

നവോത്ഥാന നായകനാണോ?

സാംസ്‌കാരിക പ്രവര്‍ത്തകനാണോ?

മാതൃകയായ പൊതുപ്രവര്‍ത്തകനാണോ?

അല്ല...

പിന്നെയാരാണ്?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു കൊലപാതക കേസില്‍ കോടതി വിചാരണ നടത്തി ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരണപ്പെട്ടയൊരാള്‍.

പിന്നെ എന്തിനാണ് പിണറായി വിജയന്‍ തൊട്ട് സൈബര്‍ സഖാക്കള്‍ വരെ അയാളെ മാതൃകയാക്കുവാന്‍ ആഗ്രഹിക്കുന്നതും, അയാളുടെ ചരമ വാര്‍ഷികം പോസ്റ്ററടിച്ചും കവിതയെഴുതിയും ഗ്ലോറിഫൈ ചെയ്യുന്നത് എന്നതിന് ഒറ്റ ഉത്തരമേയൊള്ളു, അയാള്‍ കൊന്നത് സഖാവ് TP ചന്ദ്രശേഖരനെയാണ്.

ഏത് ചന്ദ്രശേഖരന്‍? വിജയന്റെ ഉറക്കം കെടുത്തിയ 'കുലംകുത്തി' ആക്കപ്പെട്ട ചന്ദ്രശേഖരന്‍. K K രമയുടെ സാരിയില്‍ കുത്തിയ ഒരു ചെറിയ പടമുള്ള ബാഡ്ജ് പോലും സഖാക്കള്‍ 'ചട്ടലംഘനമാക്കിയ' വിധം അസ്വസ്തത വിതറുന്ന TP.

കുഞ്ഞനന്തന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്ക്കുന്നത് ആരാണ്?

കൊലയാളി ഷാഫി...

ഇന്ന് കുഞ്ഞനന്ദന്‍ എന്ന കൊലപാതകിയുടെ മരണ ദിവസം കെട്ടിയുയര്‍ത്തിയ മണ്ഡപത്തിനു മുന്നില്‍

നില്ക്കുന്നത് TP യുടെ മുഖത്ത് വെട്ടിയ 51 വെട്ടില്‍ പങ്കാളിയായ വാളേന്തിയ ഷാഫിയാണ്.

വാടിയ്ക്കല്‍ രാമകൃഷ്ണന്റെ കൊലപാതകിക്ക് വീര പരിവേഷം കിട്ടുന്ന നാട്ടില്‍, കൊലപാതകി കുഞ്ഞനന്ദന്റെ മണ്ഡപത്തിലെ കൊലപാതകി ഷാഫിയുടെ ചിത്രമൊക്കെ സാമാന്യവത്കരിക്കപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, നാം പുകഴ്‌കൊള്ളുന്ന പ്രബുദ്ധതയെ പറ്റി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

പാനൂരിൽ കുഞ്ഞനന്തന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മൃതി മണ്ഡപത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ പുഷ്പാർച്ചന നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജൻ , എംവി ജയരാജൻ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു. ഫേസ്ബുക്ക് വഴിയും അനുസ്മരണം നടന്നു.

Related Stories

No stories found.
logo
The Cue
www.thecue.in