‘നാളെത്തെ ഇര നമ്മളായിരിക്കും’; ഭീഷണിയേത്തുടര്‍ന്ന് ട്വിറ്റര്‍ വിടേണ്ടി വന്ന അനുരാഗ് കശ്യപിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
കുടുംബത്തിനെതിരെ വധഭീഷണിയും ബലാത്സംഗഭീഷണിയും ഉയര്‍ന്നതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ച സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ബോളിവുഡ് സംവിധാകന് നേര്‍ക്കുണ്ടായ ഭീഷണികളെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് അനുരാഗ് കശ്യപ് ആണെങ്കില്‍ നാളെ നമ്മള്‍ ആയിരിക്കും, ഇതാണ് പുതിയ ഇന്ത്യ, അന്തരീക്ഷം സ്വതന്ത്രപ്രതികരണങ്ങള്‍ക്ക് അനുകൂലമല്ല, ഓര്‍ക്കുക അസഹിഷ്ണുതയ്‌ക്കെതിരെയും ആള്‍ക്കൂട്ടആക്രമണങ്ങള്‍ക്കെതിരെയും മോഡിക്ക് കത്തയച്ച 49 പേരില്‍ ഒരാളാണ് അനുരാഗ് കശ്യപ്, പുതിയ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നിങ്ങനെയാണ് നെറ്റിസണ്‍സില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും അനുരാഗ് കശ്യപ് നടത്തിയിരുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മുമ്പും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തകേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംവിധായകന്‍ നടത്തിയ ട്വീറ്റാണ് പുതിയ വിവാദത്തിന് തുടക്കം. ചെയ്യേണ്ടത് എന്താണെന്ന് തനിക്ക് അറിയാമെന്ന് സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തി അധികാരത്തില്‍ ഇരിക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നാണെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ട്വീറ്റിന് പിന്നാലെ സംവിധായകനെതിരെ കടുത്ത അധിക്ഷേപങ്ങളുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി. കുടുംബത്തിനെതിരേയും ഭീഷണികള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് താന്‍ അക്കൗണ്ട് ഉപേക്ഷിക്കുന്നതെന്ന് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപിന്റെ അവസാനട്വീറ്റ്
“നിങ്ങളുടെ മകള്‍ക്ക് ഓണ്‍ലൈനില്‍ ഭീഷണികള്‍ വരികയും മാതാപിതാക്കള്‍ക്ക് ഭീഷണി കോളുകള്‍ വന്നുതുടങ്ങുകയും ചെയ്യുമ്പോള്‍ ആരും സംസാരിക്കാന്‍ ആഗ്രഹിക്കില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. കാരണങ്ങളോ യുക്തിയോ ഇനിയുണ്ടാകാന്‍ പോകുന്നില്ല. അക്രമികള്‍ അരങ്ങുവാഴും. ആക്രമണോത്സുകത പുതിയ ജീവിത ശൈലിയാകും. പുതിയ ഇന്ത്യയിലെ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് നല്ലതുവരുമെന്ന് പ്രതീക്ഷിക്കുന്നു. ട്വിറ്റര്‍ വിടുന്നതിനാല്‍ ഇത് എന്റെ അവസാനത്തെ ട്വീറ്റായിരിക്കും. മനസിലുള്ളത് ഭയം കൂടാതെ പറയാന്‍ എനിക്ക് അനുവാദമില്ലെങ്കില്‍ ഞാന്‍ പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഗുഡ് ബൈ.”
രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ മെയ് മാസത്തിലും അനുരാഗ് കശ്യപിന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ചിലര്‍ ബിജെപിയുടെ ലോക്‌സഭാ വിജയം ആഘോഷിച്ചത് അനുരാഗ് കശ്യപിന്റെ മകള്‍ക്ക് ബലാത്സംഗഭീഷണികള്‍ അയച്ചുകൊണ്ടായിരുന്നു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് ട്വീറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.