മീരാബായ് ചാനുവിന് സ്വര്‍ണ മെഡലിന്‌ സാധ്യത; ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും

മീരാബായ് ചാനുവിന് സ്വര്‍ണ മെഡലിന്‌ സാധ്യത; ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും
Published on

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കും.

ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളി നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. കര്‍ണം മല്ലേശ്വരിക്കാണ് ഇതിന് മുന്‍പ് വെങ്കല മെഡല്‍ ലഭിച്ചത്. 21 വര്‍ഷത്തിന് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം ലഭിക്കുന്നത്.

ഭാരോദ്വഹന വേദിയില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ കണ്ണീരോടെ മടങ്ങിയ അതേ മീരാഭായ് ചാനുവാണ് ഇന്ന് ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാനമായി ഭാരോദ്വഹനത്തില്‍ വെള്ളിമെഡലോടെ തലയുയര്‍ത്തിനില്‍ക്കുന്നത്.

മണിപ്പൂരിലെ നൊങ്‌പൊക് കാക്ചിങ് എന്ന ഗ്രാമത്തില്‍, 1994 ഓഗസ്‌റ് 8 നാണ് മീരാബായ് ചാനു ജനിച്ചത്. കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു മീരാബായ് ചാനു.

ഒരിക്കല്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ തന്റെ ജേഷ്ഠനെക്കാള്‍ കൂടുതല്‍ വിറക് മീരാഭായ് ചുമക്കുന്നത് കണ്ടാണ് വീട്ടുകാര്‍ അവളുടെ കഴിവ് മനസ്സിലാക്കിയതും, അഭിനന്ദിച്ച് തുടങ്ങിയതും. ഒരുപക്ഷേ ആ ആഭിനന്ദനമായിക്കാം തനിക്ക് ലഭിച്ച ആദ്യ പ്രോത്സാഹനമെന്ന് ഒരു അഭിമുഖത്തില്‍ മീരാബായ് പറയുന്നുണ്ട്.

തന്റെയത്ര വിറകുകള്‍ ആരും ആ ഗ്രാമത്തില്‍ ചുമന്നിരുന്നില്ലെന്നും, ഗ്രാമത്തിലുള്ളവരൊക്കെ അന്ന് തന്നെ അത്ഭുതത്തോടെ നോക്കുമായിരുന്നെന്നും മീരബായ് ചാനു പറഞ്ഞിരുന്നു. അവിടെനിന്നായിരുന്നു മീരാഭായ് ചാനുവിന്റെ തുടക്കവും.

ഒളിമ്പിക്‌സ് മെഡലിന് മുന്‍പത്തെ പല മത്സരങ്ങളിലും മീരബായ് തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. 2012 ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, 2013 ലേ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി തുടങ്ങിയയാണവ. റിയോ ഒളിമ്പിക്സില്‍ തനിക്ക് ലഭിച്ച 6 ചാന്‍സുകളില്‍ 5 ലും ചാനു പരാജയപ്പെടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in