ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും ടോക്യോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെതിരെ മലയാളി കായിക താരം അഞ്ജു ബോബി ജോര്‍ജ്. ഇതൊന്നും ഒരുപാട് ചിന്തിച്ച് ചെയ്യേണ്ട കാര്യമല്ലെന്നും അഞ്ജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഞ്ജുവിന്റെ പ്രതികരണം.
മെഡല്‍ നേടി വരുന്ന കായിക താരങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പുറകിലാണെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
'ഇക്കാര്യത്തിലൊക്കെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ എന്നാണ് എന്റെ ചോദ്യം. ഒളിംപിക്‌സ് മെഡല്‍ കിട്ടുമ്പോള്‍ തന്നെ ഇതൊക്കെ തീരുമാനിക്കേണ്ട കാര്യമേയുള്ളു. ഇതൊന്നും ഒത്തിരി ചിന്തിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല. ശ്രീജേഷിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വരണം. മറ്റു സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നമ്മളെക്കാളും മുന്നിലാണ്.
സ്‌പോര്‍ട്‌സ് താരങ്ങളെ ഉണ്ടാക്കുന്നതില്‍ കേരളം മുന്നില്‍ തന്നെയാണ്. എന്നാല്‍ ജോലിയുടെ കാര്യത്തിലാണെങ്കിലും, അല്ലെങ്കില്‍ മെഡല്‍ കിട്ടി വരുമ്പോള്‍ അവരെ പരിഗണിക്കേണ്ട കാര്യത്തിലാണെങ്കിലും ചെറിയൊരു സ്റ്റെപ് പുറകിലാണ് നമ്മള്‍ ഇപ്പോഴും ഉള്ളത്. അത് എന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴും അതിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല,' അഞ്ജു പറഞ്ഞു.
ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെതിരെ എം.എല്‍.എ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിട്ടും ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരമാണ് എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷ് എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്. കേരള ഹോക്കി ഫെഡറേഷന്‍ ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്. പ്രവാസി സംരംഭകന്‍ ഡോ.ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അത്‌ലറ്റിക്സില്‍ ഇന്ത്യക്കായ് ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹോക്കിയില്‍ വലിയ നേട്ടമുണ്ടാക്കിയ മലയാളി കൂടിയായ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.