റഷ്യൻ അധിനിവേശം തന്നെ, സിപിഎം, സിപിഐ നിലപാട് പരിതാപകരമെന്ന് ടി.എം കൃഷ്ണ

റഷ്യൻ അധിനിവേശം തന്നെ, സിപിഎം, സിപിഐ നിലപാട് പരിതാപകരമെന്ന് ടി.എം കൃഷ്ണ
Published on

റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ സി.പി.ഐ.എം, സി.പി.ഐ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സം​ഗീതജ്ഞൻ ടി.എം കൃഷ്ണ.

സി.പി.ഐ.എമ്മിൽ നിന്നും സി.പി.ഐയിൽ നിന്നും റഷ്യ-യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വരുന്ന നിലപാടുകൾ പരിതാപകരമാണ്. അവരുടെ അന്താരാഷ്ട്ര രാഷ്ട്രീയ അഭിപ്രായങ്ങൾ എന്ത് തന്നെയാകട്ടേ, പക്ഷേ മറ്റൊരു രാജ്യത്ത് അതിക്രമിച്ച് കടന്ന് അധിനിവേശം നടത്തുന്ന റഷ്യൻ നടപടിയെ അപലപിക്കാത്തതിനെ പരിതാപകരം എന്നേ വിളിക്കാൻ സാധിക്കുകയുള്ളൂ.

റഷ്യയും അമേരിക്കയും ഒരു പോലെ എക്സ്പാൻഷനിസ്റ്റ് രാജ്യങ്ങളാണ്. അതിൽ ഒരാളെ എക്സ്പാൻഷനിസ്റ്റ് എന്ന് വിളിക്കുകയും മറ്റൊരാൾക്ക് വിഷയത്തിൽ നിയമപരമായ താത്പര്യം ഉണ്ടെന്ന് മാത്രം പറയുകയും ചെയ്യുന്നത് മാപ്പർഹിക്കാത്ത കാര്യമാണെന്നും കടുത്ത ഭാഷയിൽ ടി.എം കൃഷ്ണ പ്രതികരിച്ചു.

സിപിഐഎമ്മിനെയും സിപിഐയേയും ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകൾ. അതേസമയം റഷ്യൻ കടന്നുകയറ്റത്തെ അപലപിച്ച സി.പി.ഐ.എം.എല്ലിനെ ടി.എം കൃഷ്ണ അഭിനന്ദിച്ചു. റഷ്യ ,യുക്രൈനെതിരായ അക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യ ശക്തമായ നിലപാട് സ്വീരിക്കണമെന്നുമായിരുന്നു സി.പി.ഐ.എം.എൽ പറഞ്ഞത്.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രെെനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്.

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in