‘നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോ? മതം തെളിയിക്കാന്‍ പാന്റ്‌സ് അഴിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി’; മാധ്യമപ്രവര്‍ത്തകന്റെ അനുഭവം
പൗരത്വ നിയമത്തിന്റെ പേരില്‍ ആരംഭിച്ച അക്രമം വടക്കുകിഴക്കന്‍ ഡല്‍ഹിയെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോ ജേര്‍ണലിസ്റ്റ് അനിന്ദ്യ ചട്ടോബാധ്യായയുടെ അനുഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തനിക്ക് നേരിടേണ്ടി വന്ന ഭീകരത തുറന്നുകാട്ടിയിരിക്കുകയാണ് അദ്ദേഹം. ഡല്‍ഹിയില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായി മാറിയിരിക്കുകയാണെന്നും, തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവാക്കള്‍ നിയമം കയ്യിലെടുക്കുകയാണെന്നും അനിന്ദ്യ തന്റെ കുറിപ്പില്‍ പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഉച്ചയ്ക്ക് 12.15 ന് മൗജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയത് മുതല്‍ ഭയാനകമായ അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഒരു ഹിന്ദു സേനാംഗം എന്റടുത്ത് വന്ന് നെറ്റിയില്‍ കുറി വരക്കാന്‍ ആവശ്യപ്പെട്ടു. അത് എന്റെ ജോലി എളുപ്പമുള്ളതാക്കുമെന്നും അയാള്‍ പറഞ്ഞു. എന്റെ കയ്യിലെ ക്യാമറ കണ്ട് ഞാന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണെന്ന് അയാള്‍ക്ക് മനസിലായിട്ടുണ്ടാകും. എന്നാലും അയാള്‍ നിര്‍ബന്ധിച്ചു. നിങ്ങള്‍ ഹിന്ദുവല്ലേ, എന്താണ് കുഴപ്പമെന്നും ചോദിച്ചു.
ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കല്ലേറ് തുടങ്ങി. മോദി മോദി എന്ന ആര്‍പ്പുവിളികള്‍ക്കിടെ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നത് ഞാന്‍ കണ്ടു. തീ കണ്ട കെട്ടിടത്തിനടുത്തേക്ക് ഓടി പോകുന്നതിനിടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്ന് കുറച്ചുപേര്‍ എന്നെ തടഞ്ഞു. ഫോട്ടോ എടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍, അങ്ങോട്ട് പോകരുതെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. 'സഹോദരാ നിങ്ങളും ഒരു ഹിന്ദുവല്ലേ, നിങ്ങളെന്തിനാ അങ്ങോട്ടുപോകുന്നത്. ഇന്ന് ഹിന്ദുക്കള്‍ ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്', ഇതായിരുന്നു അവരിലൊരാള്‍ പറഞ്ഞത്.
ഞാന്‍ അപ്പോള്‍ അവിടെ നിന്ന് പിന്‍മാറിയെങ്കിലും കുറച്ചുസമയത്തിന് ശേഷം ബാരിക്കേഡുകള്‍ക്കരികിലൂടെ സംഭവസ്ഥലത്തെത്തി. ഫോട്ടോ എടുക്കാന്‍ ആരംഭിച്ചപ്പോഴേക്കും, മുളവടികളും ഇരുമ്പുദണ്ഡുകളും കൊണ്ട് കുറച്ചാളുകള്‍ എന്നെ വളഞ്ഞു. അവര്‍ എന്റെ ക്യാമറ തട്ടിയെടുക്കാന്‍ ശ്രമിച്ചു, എന്നാല്‍ എന്റെ കൂടെ വന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ് അവരെ തടഞ്ഞു. അവര്‍ പിന്‍മാറി.
അവരെന്നെ പിന്തുടരുന്നുണ്ടെന്ന് അല്‍പ്പസമയത്തിനകം ഞാന്‍ മനസിലാക്കി. ഒരു യുവാവ് എന്റെ അടുത്തെത്തി ചോദിച്ചു. ‘നിങ്ങള്‍ നന്നായി അഭിനയിക്കുന്നു. നിങ്ങള്‍ ഹിന്ദുവാണോ അതോ മുസ്ലീമോ?’ എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്സ് അഴിക്കുമെന്നവര്‍ ഭീഷണിപ്പെടുത്തി.
അനിന്ദ്യ ചട്ടോബാധ്യായ
ഞാനൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് കൈകൂപ്പി അവരോട് പറഞ്ഞു. വീണ്ടും അവരെന്നെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് വിട്ടയച്ചത്. തിരിച്ചുപോകാന്‍ ഓഫീസ് വാഹനം തെരഞ്ഞുവെങ്കിലും അവിടെയൊന്നും കണ്ടില്ല. ജഫ്രാബാദിലേക്ക് പോകുന്നതിനായി ഞാന്‍ കുറച്ചുദൂരം നടന്നു, ശേഷമാണ് എനിക്ക് ഒരു ഓട്ടോ കിട്ടിയത്. ഓട്ടോയില്‍ എഴുതിയ പേര് ഞങ്ങളെ വീണ്ടും അപകടത്തിലാക്കുമെന്ന് ഞാന്‍ മനസിലാക്കി. അധികം വൈകാതെ തന്നെ നാല് പേര്‍ ഞങ്ങളുടെ ഓട്ടോ തടഞ്ഞു. കോളറിന് പിടിച്ച് ഞങ്ങളെ രണ്ടുപേരെയും അവര്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്കിറക്കി. ഞങ്ങളെ വിട്ടയക്കാന്‍ അവരോട് അപേക്ഷിച്ചു. ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോക്കാരന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരോട് പറഞ്ഞു.
അവസാനം എന്നെ ഓട്ടോക്കാരന്‍ എത്തേണ്ട സ്ഥലത്തെത്തിച്ചു. അയാള്‍ നന്നായി പേടിച്ചിരിക്കുകയാണെന്ന് എനിക്ക് മനസിലായി. ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ തന്റെ മതം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പോകുന്നതിന് മുമ്പായി ആ ഓട്ടോ ക്കാരന്‍ എന്നോട് പറഞ്ഞത്.'