തൃശൂര്‍ പൂരം കുടമാറ്റത്തിനായി നിര്‍മിച്ച ആസാദി കുടകളില്‍ സവര്‍ക്കറും; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

തൃശൂര്‍ പൂരം കുടമാറ്റത്തിനായി നിര്‍മിച്ച ആസാദി കുടകളില്‍ സവര്‍ക്കറും; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
Published on

തൃശൂര്‍ പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും നവോത്ഥാന നേതാക്കള്‍ക്കുമൊപ്പം ഹിന്ദു മഹാസഭാ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ബിജെപി നേതാവ് സുരേഷ് ഗോപിയായിരുന്നു. ആസാദി കുടകള്‍ എന്ന പേരില്‍ കുടകള്‍ പ്രദര്‍ശിപ്പിച്ചതും സുരേഷ് ഗോപിയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തി.

സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും നല്‍കിയിരിക്കുന്നത്. ഭഗത് സിംഗ്, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പത്മനാഭന്‍, ചന്ദ്ര ശേഖര്‍ ആസാദ്, ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, തമിഴ് കവി ഭാരതിയാര്‍ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലജ്ജാകരം എന്നാണ് പത്മജ വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സവര്‍ക്കറെ വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യം മാഞ്ഞു പോവില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രമോദ് ചൂരങ്ങാട്ട് രംഗത്തെത്തിയത്. ഇന്നവര്‍ പൂരത്തിന്റെ കുടമാറ്റത്തിലൂടെ പരിവാര്‍ അജണ്ട തുടങ്ങി വെക്കുകയാണെന്നും പ്രമോദ് വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in