തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 18 പേരില്‍ കൊവിഡ് കണ്ടെത്തിയത്. ഇതോടെ പൂര പ്രദര്‍ശനം പൂരം അവസാനിക്കുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ഷേത്രങ്ങളില്‍ ഒരേസമയം പത്ത് പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുവാദം ഉള്ളു. ഉത്സവങ്ങള്‍ ഉള്‍പ്പെടെ എല്ലാ ചടങ്ങുകള്‍ക്കും പരമാവധി 75 പേര്‍ മാത്രമേ പാടുള്ളു.
അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും പത്ത് വയസില്‍ താഴെ ഉള്ളവര്‍ക്കും ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വഴിപാടുകളുടെ ഭാഗമല്ലാത്ത അന്നദാനം അനുവദിക്കില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ക്ഷേത്രചടങ്ങുകള്‍ക്ക് ആനകളെ അനുവദിക്കില്ല. ക്ഷേത്രങ്ങള്‍ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും.