പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ കോർപറേഷൻ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി തീർത്ത് കൗണ്‍സിലര്‍മാര്‍. മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും മേയർ എം.കെ. വർഗീസിനെ വളഞ്ഞു. അപ്പോഴാണ് സല്യൂട്ട് വിവാദം ഓർമ്മിപ്പിച്ച് കൊണ്ട് പ്രതിപക്ഷ നേതാക്കൾ ഇടത്തും വലത്തും നിന്നുകൊണ്ട് മേയറെ സല്യൂട്ട് ചെയ്തത്. എന്നാൽ ഒട്ടും പതറാതെ മേയറും കൊടുത്തു ഒരു ബിഗ് സല്യൂട്ട്.
ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍ മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും മേയര്‍ പറഞ്ഞിരുന്നു. അതേസമയം എംകെ വര്‍ഗ്ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.
കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് നിബന്ധനകള്‍ നോക്കാതെ തന്നെ സേനാംഗങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.