റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് ; ; 25016 വോട്ടുകളുടെ വിജയം

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് ; 
;  25016 വോട്ടുകളുടെ വിജയം
Published on

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തില്‍ യുഡിഎഫിന് വിജയം. 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. ഉമ തോമസ് 72,770 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇക്കുറി നേടി.

മുഖ്യമന്ത്രിയടക്കം ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ റൗണ്ടുകളില്‍ തന്നെ വലിയ ലീഡ് യുഡിഎഫ് നിലനിര്‍ത്തി. ആദ്യ റൗണ്ടുകളില്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ലീഡ് നേടാന്‍ ഉമ തോമസിന് കഴിഞ്ഞു. ഇത് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം ഇരട്ടിയാക്കി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെയാണ് ഉമ തോമസിന്റെ വിജയം.

തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മവിശ്വാസത്തില്‍ കുറവുണ്ടായിരുന്നില്ലെന്നും എവിടെയാണ് പാളിയതെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. പാര്‍ട്ടി ഒരു ജോലി ഏല്‍പ്പിച്ചു. അത് ഭംഗിയായി ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും വിജയിക്ക് അനുമോദനങ്ങള്‍ എന്നും ജോ ജോസഫ് പറഞ്ഞു.

പരാജയം പൂര്‍ണമായും അംഗീകരിക്കുന്നു, ഒരു തോല്‍വികൊണ്ട് പാര്‍ട്ടി പിറകോട്ട് പോകില്ല. എന്നെ ഒരു ജോലി ഏല്‍പ്പിച്ചു, അത് കഴിവിന്റെ പരമാവധി ചെയ്തു. ആരും പ്രതീക്ഷിക്കാത്ത തോല്‍വി തന്നെയാണ് ഇത്. അത് പാര്‍ട്ടി ഇഴകീറി പരിശോധിക്കും. നിലപാട് വെച്ചുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു നടന്നതെന്നും തന്റെ രീതിയില്‍ ഉഷാറായിട്ട് പൊരുതിയെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഫലം വന്നതോടെ ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ടിലും ഓരോ കാതം പിന്നിലാവുകയായിരുന്നു എല്‍.ഡി.എഫ്. തൃക്കാക്കര ജനവിധി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും കെ.സുധാകരന്‍. ജനഹിതം മാനിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രി പദം രാജിവെക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in