‘നാല് മാസമായി ശമ്പളമില്ല’; പുറത്താക്കാനുള്ള സര്‍ക്കാര്‍ വേട്ട അഴിമതി കണ്ടെത്തിയതിനാലെന്ന് രാജു നാരായണസ്വാമി
സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം 28 വര്‍ഷമായി താന്‍ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് മുന്‍ സിഡിബി ചെയര്‍മാന്‍ രാജു നാരായണ സ്വാമി ഐഎഎസ്. മൂന്നാര്‍ ദൗത്യം മുതല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തതിനേക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ല. ചീഫ് സെക്രട്ടറി ടോം ജോസ് അഴിമതിക്കാരനാണെന്നും അദ്ദേഹമാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും മുന്‍ ഇടുക്കി കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
മാര്‍ച്ച് മാസത്തില്‍ സിഡിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജു നാരായണ സ്വാമിയെ നീക്കിയിരുന്നു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇത്. സിഡിബിയിലെ അഴിമതിയേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആയിരക്കണക്കിന് അഴിമതികളില്‍ നിന്ന് മുകള്‍തട്ടിലുള്ളവയാണ് കണ്ടെത്തിയത്. ഞാന്‍ തിരിച്ചെത്തിയാല്‍ ഇതിന് പിന്നിലുള്ള എല്ലാവരേയും കണ്ടെത്തും എന്നതിനാലാണ് എനിക്കെതിരെ നടപടിയുണ്ടായത്.
രാജു നാരായണസ്വാമി
ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന് അറിയാം. ഇത് സംബന്ധിച്ച് ഒരു മെമോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. നാല് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വ്വീസില്‍ ചേരാഞ്ഞത്. ഇക്കാര്യം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. വിവരം ചീഫ് സെക്രട്ടറിയെ നേരത്തേതന്നെ രേഖാമൂലം അറിയിച്ചിരുന്നെന്നും രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടി.
സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ച അന്ന് തന്നെ തനിക്കെതിരെ ഇത്തരത്തിലൊരു നീക്കമുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടികൊണ്ട പൊലീസുകാരനാണെങ്കിലും ജേക്കബ് തോമസ് ആണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ ഭവിഷ്യത്തുകളുണ്ടാകും.
രാജു നാരായണസ്വാമി
രാജു നാരായണസ്വാമിയെ പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയേക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.