നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി നേരിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരും നേഴ്‌സുമാരും സമരം നടത്തുന്നത്.
ഡോക്ടര്‍മാര്‍ രാവിലെ 8 മണി മുതല്‍ 10 മണി വരെ പ്രതിഷേധിച്ചു. ഡോക്ടര്‍മാരുടെ സമരം ഒപിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. 48 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന സംഘടനകളുടെ ആവശ്യത്തില്‍ ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തിയിരുന്നു. വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് ചികിത്സയെ ബാധിക്കാത്ത രീതിയില്‍ സമരം ശക്തിപ്പെടുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.