തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി. അനിശ്ചിതകാല സമരവം നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് ഒപി ബഹിഷ്‌കരിക്കും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ നഴ്‌സസ് യൂണിയന്‍ കരിദിനമാചരിക്കുമെന്ന് അറിയിച്ചു.
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരും നേഴ്‌സുമാരും ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടര്‍മാരും നേഴ്‌സുമാരും അറിയിച്ചത്.
ഇന്ന് രാവിലെ 8 മണി മുതല്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും. 10 മണി വരെയാണ് സൂചന സമരം. നടപടി പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകും. മെഡിക്കല്‍ കോളേജ് ഭരണത്തിലെ പിടിപ്പുകേട് മറച്ചുവെയ്ക്കാനാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.