മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്. കത്തില്‍ കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഫറോക്ക് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെ മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പത്ത് മാസം മുമ്പ് പെണ്‍കുട്ടി ആത്യമഹത്യാശ്രമം നടത്തിയപ്പോള്‍ എഴുതിയ കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന വ്യക്തിയോടാണ് ആദ്യം ഇവര്‍ പീഡന വിവരം തുറന്ന് പറഞ്ഞത്. കേസില്‍ മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് സിഐ വരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തുവെന്നും കുട്ടി കത്തില്‍ പറയുന്നു.
അതോടൊപ്പം കേസില്‍ തെളിവെടുപ്പിനാണെന്ന് പറഞ്ഞ് കൊണ്ടുപോയപ്പോള്‍, നാട്ടുകാരോട് പീഡനവിവരങ്ങള്‍ സിഐ പറഞ്ഞുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ അപമാനിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം പ്രതികളും സിഐയുമാണെന്നും കത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ ഓരോരുത്തരുടെയും പേരും വ്യക്തമായി തന്നെ കത്തില്‍ വിവരിച്ചിട്ടുണ്ട്.
തന്റെ ഉമ്മയെയും പ്രതിയാക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തി. അതിന് ശേഷം പല രീതിയില്‍ ആളുകള്‍ ഉമ്മയെയും തന്നെയും വിളിക്കുന്നുണ്ട്. അതിനാല്‍ ജീവിക്കാന്‍ താത്പര്യമില്ലെന്നും കുട്ടി പറയുന്നു. പോക്സോ കേസ് ഇരയായ പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ഇളയ സഹോദരനെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കാന്‍ പുറത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.