ഏത് വാര്‍ത്ത കൊടുക്കണം, കൊടുക്കണ്ട എന്നത് ജേണലിസ്റ്റുകളുടെ തീരുമാനം; പി.ആര്‍ പ്രവീണ ചെയ്തത് ശരിയെന്ന് ആര്‍ രാജഗോപാല്‍

ഏത് വാര്‍ത്ത കൊടുക്കണം, കൊടുക്കണ്ട എന്നത് ജേണലിസ്റ്റുകളുടെ തീരുമാനം; പി.ആര്‍ പ്രവീണ ചെയ്തത് ശരിയെന്ന് ആര്‍ രാജഗോപാല്‍
Published on

കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തക പി.ആര്‍ പ്രവീണയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെന്ന് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍.

ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമം എന്തുകൊണ്ട് കവര്‍ ചെയ്യുന്നില്ല എന്ന് ചോദിച്ച് ന്യൂസ് റൂമില്‍ വന്ന കോളിനോട് ഇപ്പോഴൊരു മഹാമാരി നടക്കുകയാണെന്നും അതുകൊണ്ട് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കാനാണ് തീരുമാനിച്ചത് എന്നാണ് അവര്‍ പറഞ്ഞത്. അതു പറയാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്, ആര്‍.രാജഗോപാല്‍ ദ ക്യൂവിനോട് പറഞ്ഞു.

''ഒരു ന്യൂസ് റൂമില്‍ ഒരു ദിവസം അറന്നൂറോ എഴുന്നൂറോ വാര്‍ത്തകള്‍ വരും അതില്‍ ഒരു 48 സ്റ്റോറിയൊക്കെയാണ് കൊടുക്കുന്നത്. അപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഈ എഴുന്നൂറ് സ്റ്റോറിയും കൊടുക്കുന്നതല്ലല്ലോ ജേണലിസം. എല്ലാ നിമിഷവും നമ്മള്‍ തെരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു വാര്‍ത്ത എഴുതുമ്പോള്‍ ആദ്യത്തെ പാരഗ്രാഫില്‍ എന്തെഴുതണമെന്നും ഏത് പേജില്‍ കൊടുക്കണമെന്നതിലുമെല്ലാം ഒരു തീരുമാനമുണ്ട്.

നിങ്ങള്‍ക്ക് കാണണ്ടെങ്കില്‍ കാണണ്ട എന്ന വാദം ശരിയാണ്. ഇന്ത്യയില്‍ അതിനുള്ള സാഹചര്യമുണ്ട്,'' ആര്‍ രാജഗോപാല്‍ ദ ക്യൂവിനോട് പറഞ്ഞു.

ഏത് വാര്‍ത്ത കൊടുക്കണം, കൊടുക്കണ്ട എന്നത് ജേണലിസ്റ്റുകളുടെ തീരുമാനം; പി.ആര്‍ പ്രവീണ ചെയ്തത് ശരിയെന്ന് ആര്‍ രാജഗോപാല്‍
കൊവിഡില്‍ കഴിയുമ്പോഴും ഫോണില്‍ വധഭീഷണിയും തെറിവിളിയും തുടരുകയാണ്; പി.ആര്‍ പ്രവീണ പറയുന്നു

മറ്റ് മാധ്യമങ്ങളും പി.ആര്‍ പ്രവീണയെ പരസ്യമായി പിന്തുണയ്ക്കണമെന്നായിരുന്നു തന്റെ അഭിപ്രായം. മാധ്യമ പ്രവര്‍ത്തകരുടെ ജോലി ആളുകള്‍ ചോദിക്കുന്നത് കൊടുക്കുകയല്ല. പി.ആര്‍ പ്രവീണ ധീരമായ മാധ്യമപ്രവര്‍ത്തകയാണെന്നും ആര്‍.രാജഗോപാല്‍ പറഞ്ഞു.

നമ്മള്‍ ചെയ്യുന്ന സ്റ്റോറികള്‍ക്ക് പിന്നില്‍ ഒരു കാരണം ഉണ്ടാകണം. നമ്മള്‍ ഇപ്പോള്‍ പത്രങ്ങളെടുത്തു നോക്കിയാല്‍ പല വാര്‍ത്തകളും എന്തിനാണ് കൊടുത്തത് എന്ന് സംശയിച്ചു പോകാറുണ്ട്.

ഉദാഹരണത്തിന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ പറയുന്ന അപ്രസക്തമായ കാര്യങ്ങള്‍ പലതും വാര്‍ത്തയായി കാണാറുണ്ട്. അസമില്‍ മിഠായി വില്‍ക്കുന്ന ഒരാളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞാല്‍ അതിനെക്കുറിച്ച് പ്രൊഫൈല്‍ ചെയ്യുന്നതൊക്കെയാണ് മാധ്യമ പ്രവര്‍ത്തനമായി കാണുന്നത്. ഇതൊന്നും മോദി പറഞ്ഞ് ചെയ്യിപ്പിക്കുന്നതല്ല. ഇതൊക്കെ നമ്മള്‍ സബ്‌കോണ്‍ഷ്യസ്‌ലി ചെയ്യുന്നതാണ്.

പക്വമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ജേണലിസം സ്ഥാപനങ്ങള്‍ പഠിപ്പിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അത് ആവശ്യമാണ്. ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാക്കാലത്തും അക്രമം ഉണ്ടാകാറുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഉയര്‍ത്തി ബിജെപി പരാജയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in