കൊച്ചിയിൽ നിന്ന് ഗോവയ്ക്കുള്ള യാത്രക്കിടെയാണ് നടൻ വിനായകൻ ഹൈദരാബാദിൽ അറസ്റ്റിലായത്. ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് ഹൈദരാബാദിൽ നിന്നായിരുന്നു. വിനായകൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും തന്നെ മർദിച്ചെന്ന് നടനും പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.
ശനിയാഴ്ച്ച ഉച്ചക്കാണ് വിനായകൻ കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയത്. ഹൈദരാബാദിൽ വെച്ച് ഇൻഡിഗോ എയർലൈൻസിന്റെ ഗേറ്റ് ജീവനക്കാരുമായി വിനായകൻ തർക്കത്തിലേർപ്പെടുകയിരുന്നെന്നാണ് പോലീസ് പറയുന്നത്. വിനായകൻ മദ്യലഹരിയിലായിരുന്നു. ജീവനക്കാരനോട് അപമര്യാദയായി പെരുമാറുകയും വഴക്കിടുകയും ചെയ്‌തെന്ന് ആർജിഐ പോലീസ് ഇൻസ്‌പെക്ടർ കെ ബാലരാജു പറഞ്ഞു.
വിഷയം സംസാരിക്കാനെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായും വിനായകൻ തർക്കത്തിലായി. സിഐഎസ്എഫ് ഇൻസ്‌പെക്ടറുടെ പരാതിയിലാണ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് പോലീസ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
എന്നാൽ സിഐഎസ്എഫുകാർ തന്നെ മർദ്ദിച്ചതായി വിനായകൻ ആരോപിച്ചു. എന്തുകൊണ്ടാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ തെളിവിനായി പരിശോധിക്കാമെന്നും വിനായകൻ മനോരമ ന്യൂസിനോട് പറഞ്ഞു.