ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ ചിലത് നടപ്പാക്കിയിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 2019ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം സിനിമാ വ്യവസായത്തില്‍ ഗുണകരമായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് 2022 ജൂണ്‍ മുതല്‍ വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സിനിമാ സെറ്റുകളില്‍ ഐസിസി രൂപീകരിച്ചാണ് മുന്നോട്ടു പോകുന്നത്. അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സമിതിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ലെംഗിക അതിക്രമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടായാല്‍ അതത് സെറ്റിലെ ഐസിസി പോലീസിനെ അറിയിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പരാതിക്കാരെ സഹായിക്കണം എന്ന് അംഗങ്ങളായ നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാധാരണയില്‍ കൂടുതലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് നിര്‍മാതാക്കളോടും ഫെഫ്ക മുഖേന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരോടും നിര്‍ദേശിച്ചിട്ടുണ്ട്. അത് നടപ്പാക്കാത്ത അപൂര്‍വം ഇടങ്ങളില്‍ സംഘടന ഇടപെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാര്‍ ഉണ്ടാക്കണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ഒരു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന എല്ലാവരും നിര്‍മ്മാണക്കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിടണമെന്നതും, ഒരു ലക്ഷം രൂപയ്ക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന എല്ലാവരും കരാര്‍ മുദ്രപത്രത്തില്‍ ഒപ്പിട്ട് അസോസിയേഷനില്‍ സമര്‍പ്പിക്കണമെന്നതും നിര്‍ബന്ധമാണ്. അതില്‍ താഴെയുള്ള ബാറ്റ പോലുള്ള കാര്യങ്ങള്‍ക്ക് തൊഴിലാളി സംഘടനയായ ഫെഫ്കയുമായി കരാറുണ്ടെന്നും സംഘടന അറിയിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നമാണ് പൂര്‍ണ്ണമായും പരിഹരിക്കാനാവാത്തത്. അവര്‍ സ്ഥിരമായി ജോലി ചെയ്യുന്നവരല്ല എന്നതാണ് ഇതിനുള്ള കാരണം. ഷൂട്ടിനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണ്ടി വരുമ്പോള്‍ അവരെ സംഘടിപ്പിക്കാന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ വേണം. അതുകൊണ്ടുതന്നെ നിര്‍മ്മാതാക്കള്‍ സബ് ലീസ് വ്യവസ്ഥയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കാന്‍ മധ്യസ്ഥന്‍മാരെ ഏര്‍പ്പാടാക്കുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതികള്‍ ലഭിക്കുമ്പോള്‍ അവര്‍ക്ക് മുഴുവന്‍ തുകയുംലഭ്യമാക്കുന്ന സാഹചര്യമുണ്ടെന്നും സംഘടന പറഞ്ഞു.
അഭിനേതാക്കാളും സാങ്കേതിക പ്രവര്‍ത്തകരുമായി കരാറില്‍ ഏര്‍പ്പെടാനും പ്രതിഫലം തീരുമാനിക്കാനുമുള്ള അവകാശം ഒരു നിര്‍മ്മാതാവില്‍ മാത്രം നിക്ഷിപ്തമാണെന്നും സിനിമ സാമ്പത്തികം മുടക്കി വരുമാനം ഉണ്ടാക്കാനുള്ള ഒരു വ്യവസായം കൂടി ആയതിനാല്‍ നിര്‍മ്മാതാവ് നല്‍കുന്ന പ്രതിഫലം വാണിജ്യപരമായ ഘടകങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതാണെന്നുമാണ് ലിംഗവ്യത്യാസമില്ലാതെ പ്രതിഫലം നല്‍കണമെന്ന നിര്‍ദേശത്തില്‍ സംഘടനയുടെ അഭിപ്രായം.
ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമാ വ്യവസായം. 2019ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് നടന്നിട്ടുള്ള ചില ദുരനുഭവങ്ങള്‍ ചിലര്‍ പങ്കുവെച്ചതില്‍ പരിഹാരം കാണേണ്ടതുണ്ട്. വ്യവസായത്തിന് ഹാനികരമായ കാര്യങ്ങള്‍ തുടര്‍ന്നും സംഭവിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണാന്‍ സിനിമയിലെ എല്ലാ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സംഘടന അറിയിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ മുന്‍പാകെ ഉണ്ടായിരുന്ന ഏഴ് പരിഗണനാ വിഷയത്തില്‍ സംഘടനകള്‍ക്ക് പരിഹാരം കാണാന്‍ പറ്റാത്ത കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ച് ഒഴിവാക്കപ്പെട്ട പേജുകളും വരികളുമാണ് പൊതുസമൂഹത്തിനിടയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും മോശക്കാരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സീല്‍ വെച്ച കവറില്‍ കൈമാറണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.