മസ്തിഷ്‌ക മരണം സംഭവിച്ച അമ്പതുകാരിയുടെ ഹൃദയവുമായി കേരളാ പൊലീസ് വാടകക്ക് എടുത്ത ഹെലികോപ്ടറില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ കഴിയുന്ന കോതമംഗലം സ്വദേശിക്ക് വേണ്ടിയാണ് ഹൃദയം. ഒരു കോടി 76 ലക്ഷം രൂപ മുടക്കില്‍ സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വന്‍ ധൂര്‍ത്താണെന്ന് പ്രതിപക്ഷം തുടര്‍ച്ചയായി ആരോപണമുന്നയിച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ അതിവേഗമെത്താന്‍ പൊലീസിന് ഹെലികോപ്ടര്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലോക്ക് ഡൗണില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി എയര്‍ ആംബുലന്‍സായി സര്‍ക്കാരിന്റെ വാടക ഹെലികോപ്ടര്‍ പറന്നുയരുമ്പോള്‍ ധൂര്‍ത്ത് ആരോപണവും വഴി മാറുകയാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന് പൊലീസ് ഹെലികോപ്റ്റര്‍ 3.55ന് ഹയാത്തിലെ ഹെലിപാഡില്‍ ഇറങ്ങി. തുടര്‍ന്ന് ആംബുലന്‍സിലാണ് ഹൃദയം ആശുപത്രിയിലേക്ക് കൊണ്ട് പോയത്. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള ആറ് കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലെത്തി. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49 വയസുള്ള സ്ത്രീക്കാണ്, മസ്തിഷ്‌ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയം ഉപയോഗിക്കുന്നത്. ഹൃദയം കൊണ്ടുവരുന്നതിനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തിരുവനന്തപുരത്തെത്തിയിരുന്നു.
സര്‍ക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്. ഒരു മാസമായി സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി.
കേരളം വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ എഎസ് 365 ഡൗഫിന്‍ എന്‍ ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. 10 സീറ്റുള്ള ഫ്രഞ്ച്‌നിര്‍മ്മിത ഹെലികോപ്റ്ററാണ് ഇത്. ഹെലികോപ്റ്ററിന്റെ ആദ്യദൗത്യമായിരുന്നു ഇന്നത്തേത്.