ഉരുൾപൊട്ടലിൽ ബാക്കിയായ മിണ്ടാപ്രാണികൾ ഇനി അനാഥമാകില്ല; പദ്ധതിയൊരുക്കി മൃഗസംരക്ഷണ വകുപ്പ്

ഉരുൾപൊട്ടലിൽ ബാക്കിയായ മിണ്ടാപ്രാണികൾ ഇനി അനാഥമാകില്ല; പദ്ധതിയൊരുക്കി മൃഗസംരക്ഷണ വകുപ്പ്

Published on

ഉരുൾപൊട്ടലിൽ ചൂരൽമലയിലെയും മുണ്ടക്കൈലെയും കന്നുകാലികളും മൃഗങ്ങളും ഇനി അനാഥമാകില്ല. മിണ്ടാപ്രാണികളെ ഏറ്റെടുത്ത് വളർത്താൻ താല്പര്യമുള്ളവർക്ക് കൈമാറാൻ പദ്ധതിയൊരുക്കി മൃഗസംരക്ഷണ വകുപ്പ്. ചൂരൽമലയിൽ 24 മണിക്കൂറും മൃഗസംരക്ഷണവകുപ്പിന്റെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പട്ടി, പൂച്ച, പശു, എരുമ തുടങ്ങി ഒട്ടേറെ മൃഗങ്ങളെയാണ് ഈ സംഘം രക്ഷപ്പെടുത്തിയത്. പല മൃഗങ്ങളും പരിക്കേറ്റ് അവശനിലയിലായിരുന്നു. പരിക്കേറ്റ മൃഗങ്ങൾക്ക് ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് കൈമാറും. കഴിഞ്ഞദിവസം ദുരന്തസ്ഥലത്തുനിന്ന് കിട്ടിയ രണ്ട് നായക്കുട്ടികളെ പൊലീസ് സ്‌പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും സൈന്യത്തിനും നൽകിയിരുന്നു.

ദുരന്ത ഭൂമിയിൽ ബാക്കിയായ മിണ്ടാപ്രാണികളെ പരിചരിക്കാനും ശുശ്രൂഷ നൽകാനും ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തകരും കഴിഞ്ഞ നാല് ദിവസമായി ദുരിത ബാധിത മേഖലയിൽ ഉണ്ട്.

ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ പ്രതിനിധിയുടെ വാക്കുകൾ;

'പ്രദേശത്ത് ധാരാളം മൃഗങ്ങൾ ഇപ്പോളും കുടുങ്ങിക്കിടക്കുന്നുണ്ട്, കുറെ മൃഗങ്ങളെ ഞങ്ങൾ രക്ഷിച്ചു. മൃഗസംരക്ഷണ വകുപ്പിൻ്റെയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ ഉദ്യോഗസ്ഥരുടെയും കൂടെയാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത്. അടിയന്തര ശുശ്രൂഷ ഇപ്പോൾ നൽകുന്നുണ്ട്. ഏറ്റെടുത്ത് വളർത്താൻ സന്നദ്ധത അറിയിച്ച് വരുന്നവർക്ക് നമ്മൾ ഇതിനെ കൈമാറും'.

വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ചത്തമൃഗങ്ങളെ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസർ ഡോ. രാജേഷ് അറിയിച്ചിട്ടുണ്ട്. ജഡം മേപ്പാടിയിൽ സംസ്കരിക്കുന്നതിനും സജ്ജീകരണമുണ്ട്.

പ്രദേശത്ത് 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മൃഗസംരക്ഷണ വകുപ്പിൻറെ പ്രാഥമിക വിലയിരുത്തൽ. ജീവൻ നഷ്ടമായ വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകൾ നശിച്ചു. ഒഴുക്കിൽ പെട്ടും മണ്ണിനടിയിൽ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളർത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.

ഉരുൾപൊട്ടലിൻറെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിൻറെ അടിയന്തര രക്ഷാ പ്രവർത്തന സംഘം സന്ദർശിക്കുകയും 20 മൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും ചികിത്സയും നൽകുകയും ചെയ്തിരുന്നു.ഉരുൾ പൊട്ടൽ ഉണ്ടായ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡവലപ്പ്മെൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.

logo
The Cue
www.thecue.in