ആനത്താരയിലെ ട്രെയിനപകടം: ഉള്ളുലച്ച ആ കാട്ടാന ചരിഞ്ഞു
ട്രെയിന്‍ ഇടിച്ച് തകര്‍ന്ന ശരീരവുമായ ട്രാക്കിന് പുറത്തേക്ക് ഇഴയുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരുപാട് പേരെ ഞെട്ടിപ്പിക്കുകയും ഉള്ളുലയ്ക്കുകയും ചെയ്തിരുന്നു ആ വീഡിയോ. ചോരയൊലിപ്പിച്ച് തകര്‍ന്ന ശരീരവുമായി നിരങ്ങി നീങ്ങിയ ആ കാട്ടാന ചരിഞ്ഞു. വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന്തരിക പരുക്കുകളേക്കുറിച്ച് മനസിലാക്കാനോ ചികിത്സ നല്‍കാനോ കഴിഞ്ഞില്ല.
വെള്ളിയാഴ്ച്ച രാവിലെ പശ്ചമബംഗാള്‍ ജല്‍പായ്ഗുരി ജില്ലയിലെ വനത്തിലൂടെ സില്‍ഗുരി-ദുബ്രി ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോകവേയാണ് അപകടമുണ്ടായത്. ആനത്താരയിലെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയെ വേഗത്തില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റ ആനയുടെ പിന്‍കാലുകള്‍ തകര്‍ന്നിരുന്നു.
രാജ്യത്ത് കാട്ടാനകളുടെ മരണങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച റൂട്ടുകളിലൊന്നാണ് ബനാര്‍ഹട്ട്-നഗ്രാകട്ട. ദുവാര്‍ വനത്തിന്റെ ഹൃദയത്തിലൂടെ ആനത്താരകളെ മുറിച്ചുകൊണ്ട് ഓടുന്ന ട്രെയിനുകള്‍ നിരവധി വന്യമൃഗങ്ങളെയാണ് കൊല്ലുകയും പരുക്കേല്‍പിക്കുകയും ചെയ്യുന്നത്. 2004ല്‍ ദുവാര്‍ ലൈന്‍ മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജ് ആയി വികസിപ്പിച്ചതോടെ റൂട്ടിലെ ട്രെയിനുകളുടെ എണ്ണവും അപകടവും വര്‍ധിച്ചു.
2013നും 2019 ജൂണിനും ഇടയില്‍ മാത്രം 67 ആനകളാണ് ട്രെയിനിടിച്ച് ചത്തത്.
അപകടങ്ങള്‍ കുറയ്ക്കാന്‍ ദുവാര്‍ റൂട്ടില്‍ വേഗനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ബസ്സറുകള്‍ സ്ഥാപിച്ചതും മാറ്റങ്ങളുണ്ടാക്കി. 2015-16 കാലത്ത് ദുവാറിലെ ട്രെയിന്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി റെയില്‍വേ നിജപ്പെടുത്തിയിരുന്നു. പിന്നീട് പകല്‍ സമയത്തെ വേഗത 50 കിലോമീറ്ററാക്കി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ അവസ്ഥ പഴയപടിയായി. വേഗനിയന്ത്രണങ്ങളും തേനീച്ചക്കൂട്ടത്തിന്റെ ശബ്ദമുള്ള ബസ്സറുകളുമുണ്ടെങ്കിലും ദുവാറില്‍ കാട്ടാനകള്‍ ട്രെയിനിടിച്ച് അസഹനീയ വേദന തിന്ന് ചാകുന്നത് തുടരുകയാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം