'പ്രിയങ്കയെ,സലാമത്തിനെ ഹിന്ദുവായോ മുസ്ലിമായോ കാണുന്നില്ല'; നിര്‍ബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് തള്ളി

'പ്രിയങ്കയെ,സലാമത്തിനെ ഹിന്ദുവായോ മുസ്ലിമായോ കാണുന്നില്ല'; നിര്‍ബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് തള്ളി
Published on

മതം പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിനായി മകളെ നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാക്കിയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുസ്ലിം യുവാവിനെതിരെ നല്‍കിയ കേസിലാണ് സുപ്രധാന വിധി. പ്രിയങ്ക ഖര്‍വാറിനെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചെന്ന് സലാമത് അന്‍സാരിയെന്ന യുവാവിനെതിരെ നല്‍കപ്പെട്ട കേസ് കോടതി തള്ളി. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം അസ്വീകാര്യമാണെന്ന മുന്‍ വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

രണ്ട് വ്യക്തികള്‍ ഇഛാനുസരണം നടത്തുന്ന തെരഞ്ഞെടുപ്പില്‍ ഇടപെടുന്നത് ഭരണഘടന ഉറപ്പാക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. 'ഞങ്ങള്‍ പ്രിയങ്ക ഖര്‍വാറിനെയും സലാമത് അന്‍സാരിയെയും ഹിന്ദുവായോ മുസ്ലിമായോ കാണുന്നില്ല. ഇഷ്ടാനുസരണം സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മുതിര്‍ന്ന വ്യക്തികളായാണ് കാണുന്നത്. ഒരുവര്‍ഷത്തിലേറെ അവര്‍ സമാധാനപരമായും സന്തോഷകരമായും ജീവിച്ചവരുമാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉയയര്‍ത്തിപ്പിടിക്കാന്‍ കോടതികളും ഭരണഘടനാ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും' ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവരുടെ ബഞ്ചില്‍ നിന്നാണ് സുപ്രധാന നിരീക്ഷണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുപി സ്വദേശികളായ പ്രിയങ്കയും സലാമത്തും കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് വിവാഹിതരാകുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. കല്യാണത്തിന് തൊട്ട് മുന്‍പ് പ്രിയങ്ക ഇസ്ലാമിലേക്ക് മാറുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദ്ദം ചെലുത്തി മതംമാറ്റി വിവാഹം കഴിപ്പിച്ചതാണെന്ന് കാണിച്ച് പ്രിയങ്കയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഐപിസിയിലെയും പോക്‌സോ ആക്ടിലെയും വകുപ്പുകള്‍ ചുമത്തി സലാമത്തിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ദമ്പതികള്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹത്തിന് മാത്രമായുള്ള മതംമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ച് വിധി. ഈ വിധിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. ലവ് ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പ്രസ്താവനകള്‍ ഇറക്കുന്നതിനിടെയാണ് നിര്‍ണായക വിധി.

The Allahabad High Court has ruled in favor of inter marriage

Related Stories

No stories found.
logo
The Cue
www.thecue.in