തനിമയും സൗന്ദര്യവും നിലനിര്‍ത്തി; ഇനിയും വേണം 100 കോടി;വയനാട് ചുരത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് ജി സുധാകരന്‍
സഞ്ചാരികളുടെ കേരളത്തിലെ പ്രിയപ്പെട്ട ഇടമാണ് വയനാടും താമരശ്ശേരി ചുരവും. സമുദ്രനിരപ്പില്‍ നിന്നും 2625 അടി മുകളിലാണ് ഈ പശ്ചിമഘട്ട മലമ്പാത. കോടമഞ്ഞിലൂടെ, ഒമ്പത് ഹെയര്‍പിന്‍ വളവുകളിലൂടെയുള്ള യാത്ര മനോഹരമാണെങ്കിലും ക്ലേശം നിറഞ്ഞത് കൂടിയായിരുന്നു. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകുന്നത് സഞ്ചാരികളെ മാത്രമല്ല വയനാട്ടില്‍ നിന്നുള്ള രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ചുരത്തില്‍ ഉരുള്‍പൊട്ടലുണ്ടാതോടെ വയനാട് ദിവസങ്ങളോളം ഒറ്റപ്പെട്ടു. കര്‍ണാടകയിലേക്കുള്ള ഈ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കുറച്ച് കാലമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രായലത്തിന്റെ അനുമതിക്കായി ശ്രമിക്കുകയായിരുന്നു. അഞ്ച് വളവുകളുടെ വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നാല് വളവുകളിലെ വീതി കൂട്ടുന്നതിനും ചുരത്തിന്റെ സമഗ്ര വികസനത്തിനുമായി 100 കോടി കൂടി വേണമെന്ന്് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറയുന്നു. നവീകരിച്ച ചുരത്തിന്റെ ഫോട്ടോകളും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ല്‍ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിന്റെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങള്‍ക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുര്‍ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കര്‍ണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ വളരെ ക്രമീകരണങ്ങള്‍ നടത്തിയും ബുദ്ധിമുട്ടുകള്‍ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാര്‍ കടന്നു പോവുന്നത്.
ചുരത്തിലെ പ്രത്യേക ഭൂപ്രകൃതി, മനോഹരമായ ദൂരക്കാഴ്ച, വനം എന്നിവ മൂലം ധാരാളം വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. താമരശ്ശേരി ചുരത്തില്‍ നടത്തിയ ചില പരിഷ്‌കരണ പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. താമരശ്ശേരി ചുരം ഉള്‍പ്പെടുന്ന ദേശീയപാതയില്‍ കൂടി ദിനം പ്രതി പല സന്ദര്‍ഭങ്ങളിലും 15000 ത്തോളം വാഹനങ്ങള്‍ കടന്നുപോവുന്നതിനാല്‍ 4 വരിപ്പാത അനിവാര്യമാണ്. എന്നാല്‍ 2 വരി മാത്രമാണ് നിലവിലുള്ളത്.
ചെങ്കുത്തായുള്ള പാത, വീതി കുറവ്, വാഹന ബാഹുല്യം, അധിക മഴ (ജില്ലാ ശരാശരിയേക്കള്‍ 25% അധികം) മൂലമുള്ള കെടുതികള്‍ എന്നിവ മൂലം ഈ റോഡ് സ്ഥിരമായി തകര്‍ച്ചകള്‍ നേരിട്ടുകൊണ്ടിരുന്നു. കഴിഞ്ഞുപോയ കാലവര്‍ഷങ്ങളില്‍ പ്രത്യേകിച്ച് 2018 ല്‍ വന്‍ നാശനഷ്ടമുണ്ടായി. 2018 ലെ കാലവര്‍ഷത്തില്‍ 20 ഓളം സ്ഥലങ്ങളില്‍ റോഡിലേക്ക് മണ്ണിടിച്ചിലും 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി പൂര്‍ണമായും തകരുകയുമുണ്ടായി.
പൂര്‍ണ്ണ ഗതാഗത സ്തംഭനങ്ങളുണ്ടായ ഈ വേളകളില്‍ കേരള സര്‍ക്കാര്‍ യഥാസമയം നടപടികള്‍ കൈക്കൊണ്ടു ചുരത്തിലെ സ്തംഭനാവസ്ഥ നീക്കം ചെയ്തു. മണ്ണിടിച്ചിലുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ നീക്കം ചെയ്തു ഗതാഗതം പുന:സ്ഥാപിച്ചു. സംരക്ഷണ ഭിത്തി പൂര്‍ണമായും തകര്‍ന്നു അപകടാവസ്ഥയും ഗതാഗത സ്തംഭനവും ഉണ്ടായി.
അടിയന്തിര പരിഹാരമായി ദിവസങ്ങള്‍ക്കകം സമീപത്തു കൂടി താല്‍ക്കാലിക പാതയൊരുക്കി ഗതാഗതം പുന:സ്ഥാപിച്ചു. കേരള സര്‍ക്കാര്‍ അനുവദിച്ച 1.86 കോടി രൂപയ്ക്കു കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും 310 മീറ്റര്‍ നീളത്തില്‍ കാനയും നിര്‍മ്മിച്ച് ഈ ഭാഗം സംരക്ഷിച്ചു ഗതാഗതയോഗ്യമാക്കി.
ചുരത്തിലെ വളവുകളില്‍ വീതി കുറവ് മൂലം പൂര്‍ണ്ണ ഗതാഗത സ്തംഭനം പതിവായിരുന്നു. 5 വളവുകളില്‍ വീതി കൂട്ടാനായുള്ള വനഭൂമിക്കായി കേരള സര്‍ക്കാര്‍ 32 ലക്ഷം രൂപ 03-01-2017 നും 07-03-2017 നും രണ്ടു തവണകളായി വന മന്ത്രാലയത്തിന് നല്‍കി.
വനം മന്ത്രാലയം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ തടസ്സമായി ഉന്നയിച്ചതിന്റെ ഭാഗമായി അനുമതി ലഭിക്കാതിരുന്ന ഘട്ടത്തില്‍ ഞാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും 2018 ജനുവരി 17 ന് കേന്ദ്രം വനം പരിസ്ഥിതി സെക്രട്ടറി സി.കെ.മിശ്രയുമായി പ്രശ്‌ന പരിഹാരത്തിനു ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന്റെ കൂടി ഭാഗമായി വനഭൂമിക്ക് അനുമതി ലഭിച്ചു.
2018 ഏപ്രില്‍ മാസം 10 ന് 3, 5, 6, 7, 8 വളവുകള്‍ക്കായി 0.92 ഹെക്ടര്‍ വനഭൂമി വനമന്ത്രാലയം വിട്ടു നല്‍കി. ആദ്യഘട്ടമായി ചുരത്തിലെ 3, 5 വളവുകള്‍ ഇപ്പോള്‍ ഗതാഗത മന്ത്രാലയത്തിന്റെ നിലവിലുള്ള റോഡ് സുരക്ഷാ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 6 കോടിയോളം രൂപ ചിലവാക്കി നവീകരിച്ചു.
കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി ബി.എം & ബി.സി റോഡ് പുനര്‍നിര്‍മ്മാണം കോണ്‍ക്രീറ്റ് കാന എന്നിവ പൂര്‍ത്തീകരിച്ചു. രണ്ടു വളവുകളിലുമായി 190 മീ നീളത്തിലും 14 മീറ്റര്‍ വരെ ഉയരത്തിലുമായി കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി, 15 മീറ്റര്‍ വീതിയില്‍ റോഡ്, എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ചുരത്തിന്റെ തനിമയും സൗന്ദര്യവും നിലനിര്‍ത്തിക്കൊണ്ടാണ് നവീകരണ പ്രക്രിയ നടത്തിയത്.
1, 6, 7, 8 വളവുകള്‍ വീതി കൂട്ടി നിര്‍മിക്കുവാന്‍ വളരെയധികം സംരക്ഷണഭിത്തിയും മറ്റും ആവശ്യമായതിനാല്‍ കൂടുതല്‍ തുക ആവശ്യമാണ്. ആയതിനാല്‍ ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ പരിഷ്‌കരണ പ്രക്രിയകള്‍ സാധ്യമായില്ല. പൂര്‍ണ്ണ തോതില്‍ ഈ ഭാഗങ്ങളിലും ചുരത്തിലും സമഗ്ര വികസനത്തിന് 100 കോടിയോളം രൂപ ആവശ്യമായി വരും. താല്‍ക്കാലിക പരിഹാരമായി അടിയന്തിര പ്രവൃത്തികള്‍ക്ക് സംസ്ഥാനം പണം നല്‍കും.