ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായി ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നിഖില്‍ പൈലിയുടെ മൊഴി പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജില്‍ എത്തിയതെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കത്തി കയ്യില്‍ കരുതിയത് എന്നുമാണ് നിഖില്‍ പൊലീസിന് നല്‍കിയ മൊഴി.
ധീരജിനെ കുത്തിയത് താന്‍ തന്നെയാണെന്ന് നിഖില്‍ പൈലി പൊലീസിനോട് സമ്മതിച്ചിരുന്നു. ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്.
യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കരിമണലില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിഖില്‍ പൈലി പിടിയിലായത്.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജിനെ കുത്തിക്കൊന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. സംഘര്‍ഷത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു.