ആറ് ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും ; ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്തെ 6 ജില്ലകളില്‍ ചൊവ്വാഴ്ച രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ചൂട് കനക്കുക. തിങ്കളാഴ്ച ശരാശരി താപനിലയേക്കാള്‍ കണ്ണൂരില്‍ 2.6 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 3.4 ഡിഗ്രി സെല്‍ഷ്യസും അധികമായിരുന്നു.
തിങ്കളാഴ്ച കണ്ണൂര്‍ പുനലൂര്‍ കോഴിക്കോട്, വെളളാനിക്കര എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു ചൂട്. പ്രത്യേക സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാര്‍ക്ക് എളുപ്പം സൂര്യാഘാതമേല്‍ക്കാന്‍ സധ്യതയുണ്ട്.
നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍സമയത്ത് മദ്യം പോലുള്ള ലഹരിപാനീയങ്ങള്‍ ഒഴിവാക്കണം. ചൂടുമൂലം തളര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം. കാഴ്ചപരിമിതരും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആവശ്യക്കാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം ലഭ്യമാകും.