പാഠപുസ്തകത്തിലെ ഇസ്ലാമോഫോബിക് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്‌ഐഒ). ഇംഗ്ലീഷ് മീഡിയം എട്ടാം ക്ലാസിലെ സോഷ്യല്‍ സ്റ്റഡീസ് പാഠപുസ്തകത്തിലെ ഭാഗമാണ് വിവാദമായിരിക്കുന്നത്.
'ദേശീയ പ്രസ്ഥാനങ്ങള്‍- അവസാന ഘട്ടം 1919-1947' എന്ന തലക്കട്ടിലാണ് പാഠഭാഗം. ഇതില്‍ തീവ്രവാദി എന്ന പേരില്‍ നല്‍കിയിരിക്കുന്ന ചിത്രം വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു കയ്യില്‍ റോക്കറ്റ് ലോഞ്ചറും, മറു കയ്യില്‍ ഖുറാനും പിടിച്ച് നില്‍ക്കുന്ന മുഖം മറച്ച ആളുടെ ചിത്രമാണ് 'തീവ്രവാദി' എന്ന പേരില്‍ പാഠഭാഗത്ത് നല്‍കിയിരിക്കുന്നത്.
തെലങ്കാന വിദ്യാഭ്യാസ മന്ത്രി പി.സബിത ഇന്ദ്ര റെഡ്ഡിയോട് പാഠപുസ്തകം പ്രസിദ്ധീകരിച്ച പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായി എസ്‌ഐഒ തെലങ്കാന പ്രസിഡന്റ് ഡോ.തല്‍ഹ ഫയാസുദ്ദീന്‍ പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുന്‍വിധിയുണ്ടാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകത്തിലേത് വിവേചനപരവും, വിദ്വേഷപരവുമായ ഉള്ളടക്കമാണ്, ഇത് ഇസ്ലാമോഫോബിക് വീക്ഷണം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും നശിപ്പിക്കാന്‍ കാരണമായേക്കുമെന്നും ഡോ.തല്‍ഹ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ അംഗീകരിക്കരുതെന്നും, എത്രയും വേഗം നടപടിയെടുക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അധ്യായങ്ങളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഇടം പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്ന ആവശ്യവുമായി സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.