എന്താണ് കുറ്റപത്രം ഫയല്‍ ചെയ്യാത്തത്? ടീസ്റ്റ സെതള്‍വാദ് കേസില്‍ ഗുജറാത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

എന്താണ് കുറ്റപത്രം ഫയല്‍ ചെയ്യാത്തത്? ടീസ്റ്റ സെതള്‍വാദ് കേസില്‍ ഗുജറാത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
Published on

ആക്ടിവിസ്റ്റ് ടീസ്റ്റ സെതള്‍വാദ് കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം.

രണ്ട് മാസത്തിലേറെയായി ടീസ്റ്റ കസ്റ്റഡിയിലാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ക്രിമിനല്‍ നടപടിചട്ട പ്രകാരം അവര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ചാര്‍ജ്ഷീറ്റ് പോലും ഫയല്‍ ചെയ്തിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടോയെന്നും ജസ്റ്റിസ് യു.യു ലളിത് ചോദിച്ചു. കുറ്റപത്രം ഫയല്‍ ചെയ്യാന്‍ 60 മുതല്‍ 90 ദിവസം വരെയാണ് സമയം എന്ന സെക്ഷന്‍ 167 ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നല്‍കുകയും കേസ് ഗുജറാത്ത് ഹൈക്കോടതി സെപ്തംബര്‍ 19ന് പരിഗണിക്കുകയും ചെയ്യട്ടെയെന്നും കോടതി ആരാഞ്ഞു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ സൃഷ്ടിച്ചുവെന്നതാണ് ടീസ്റ്റയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. ഈ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ പാകത്തിലുള്ള വകുപ്പുകളൊന്നും അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടില്ല. പോട്ട, യു.എ.പി.എ പോലുള്ള വകുപ്പുകള്‍ അവരുടെ പേരില്‍ ഇല്ല. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പരിധിയില്‍ വരുന്ന സാധാരണ കുറ്റം മാത്രമാണ് അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹതയുണ്ട്. ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

2022, ജൂണ്‍ 25നാണ് ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in